migrant

പെരുമ്പാവൂർ: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ പെരുമ്പാവൂരിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു. ലോക്ഡൗൺ വരുമെന്ന ഭയം മൂലമാണ് ഇവർ നാട്ടിലേക്കു പോവുന്നത്. ട്രെയിനുകൾ കുറവായതിനാൽ ദീർഘദൂര സ്വകാര്യ ബസുകളിലാണ് ഇവർ അതിർത്തി കടക്കുന്നത്. ഏജന്റുമാരുടെ സഹായത്തോടെയാണു പാസും ടിക്കറ്റും സംഘടിപ്പിക്കുന്നത്.

ആദ്യം ബംഗാളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറേപേർ പോയെങ്കിലും മറ്റു സംസ്ഥാനങ്ങളിലുളളവർ ഉൾപ്പെടെ പെരുമ്പാവൂരിൽ നിന്ന് ഞായാറാഴ്ച്ച മുതൽ യാത്ര തിരിക്കുകയാണ്. നിയന്ത്രണങ്ങൾക്കിടയിലും മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന തൊഴിൽ സ്ഥാപനങ്ങൾ ഇതോടെ നിശ്ചലമാകുമെന്ന ആശങ്ക വ്യവസായമേഖലയിലുണ്ട്. കര കയറി വരുന്ന പ്ലൈവുഡ് വ്യവസായത്തിന് ഇത് വൻ തിരിച്ചടിയാകും.

രോഗത്തെക്കാൾ തൊഴിലാളികൾ ഭയക്കുന്നതു ജോലിയും പണവുമില്ലാതെ ഒറ്റപ്പെട്ടു പോകുമെന്ന അവസ്ഥയാണ്. കൊവിഡിന്റെ ആദ്യഘട്ടത്തിൽ പലയിടങ്ങളിലും സമരം വരെ നടത്തിയാണ് ഭക്ഷണം ഉൾപ്പെടെയുളള കാര്യങ്ങൾ നേടിയെടുത്തത്.

പെരുമ്പാവൂരിലുളള അന്യ സംസ്ഥാനതൊഴിലാളികളിൽ ഭൂരിഭാഗം പേരും പ്ലൈവുഡ് വ്യവസായശാലകളിൽ ജോലി നോക്കുന്നവരാണ്. കൊവിഡിന്റെ ആദ്യഘട്ടത്തിൽ ഏറ്റ ആഘാതത്തിൽ നിന്ന് കര കയറാൻ രാത്രി ഉൾപ്പെടെ പ്രവർത്തിച്ച് വന്ന വിവിധ സ്ഥാപനങ്ങൾക്ക് കർഫ്യൂ വിലങ്ങ്തടിയായി മാറി. ഇതോടെ ജോലി നഷ്ടമാകുമെന്ന ആശങ്കയും പല തൊഴിലാളികൾക്കുമുണ്ട്. കൂടാതെ അതിർത്തികൾ അടച്ചതിനാൽ അസംസ്‌കൃത വസ്തുക്കളുടെ വരവും കുറഞ്ഞത് വ്യവസായത്തെ ബാധിച്ചിട്ടുണ്ട്.

സ്വകാര്യ ടൂറിസ്റ്റ് ബസുകളെ ആശ്രയിച്ച് കൂടുതൽ നിയന്ത്രണങ്ങൾ വരുന്നതിന് മുമ്പ് ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകുന്ന തൊഴിലാളികളുടെ കാര്യങ്ങളിൽ സർക്കാർ തലത്തിൽ പ്രത്യേകിച്ച് തീരുമാനം ഒന്നും ഇതുവരെ ആയിട്ടില്ല. എന്നാൽ അടുത്ത ദിവസം മുതൽ ഇവർക്ക് കൊവിഡ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.