തലശ്ശേരി: കുയ്യാലിക്കടുത്ത് വാവാച്ചിമുക്കിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറോളം സ്ഥലത്തെ കണ്ടൽകാടും ചതുപ്പും നശിപ്പിക്കുന്നു. ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള കണ്ടലുകളെ വിഷമരുന്ന് തളിച്ച് ഉണക്കിയും ഇവ വളർന്ന ചതുപ്പിൽ മണ്ണിട്ട് നികത്തിയുമാണ് നിയമവിരുദ്ധ പ്രവൃത്തി നടത്തിയത്. നികത്തിയെടുത്ത സ്ഥലം ഇപ്പോൾ മതിൽ കെട്ടി സുരക്ഷിതമാക്കുകയാണ്. കണ്ടൽ സംരക്ഷിക്കാൻ വനം വകുപ്പ് സ്ഥാപിച്ച അടയാളക്കല്ല് പിഴുതെറിഞ്ഞിട്ടാണ് നിലം നികത്തിയെടുത്തത്. ഇതിലൂടെ ഒഴുകി കയ്യാലി പുഴയിൽ ചേരുമായിരുന്ന തോടുമിപ്പോൾ കാണാനില്ല. കൈയ്യേറ്റത്തിൽ മെലിഞ്ഞ തോടിപ്പോൾ ചെറിയ ഓവുചാലിന്റെ രൂപത്തിലാണുള്ളത്. മറ്റൊരാളുടെ പറമ്പിലൂടെ പണിത ചെമ്മൺ റോഡിലൂടെയാണ് ഇവിടേക്ക് മണ്ണ് എത്തിച്ചത്. ടെമ്പിൾ ഗേറ്റ് സ്വദേശി വർഷങ്ങൾക്ക് മുൻപ് തുച്ചമായ വിലയിൽ സ്വന്തമാക്കിയതാണ് സ്ഥലം. കരഭൂമിയായി മുഖംമാറ്റിയ ശേഷം വൻ വില ഈടാക്കി മറിച്ചുവിൽക്കാനാണ് ഇയാൾ ലക്ഷ്യമിടുന്നത്. കണ്ടലും ചതുപ്പും നികത്തിയെടുക്കുന്നത് ശിക്ഷാർഹമാണ്. ഭൂമിയുടെ ആവാസ വ്യവസ്ഥകൾ തകിടം മറിക്കുന്നതിനെതിരെ പരിസരവാസികൾ പലരും കടുത്ത എതിർപ്പിലാണുള്ളത്. എന്നാൽ ഇവരെ ഭീഷണിപ്പെടുത്തി നാവടപ്പിക്കുകയാണത്രെ. സർവീസിൽ നിന്നും വിരമിച്ച ഒരു സർക്കാർ ഉദ്യോഗസ്ഥ നൽകിയ പരാതി അധികൃതർ മുക്കിയതായും പറയപ്പെടുന്നു.