2018 ലായിരുന്നു കേരളത്തെ പിടിച്ചുകുലുക്കിയ ജലപ്രളയത്തിന്റെ വരവ്. ഇൗ ദുരന്തം കാരണം അനേകർക്ക് തൊഴിൽ മേഖലയിലും സാമ്പത്തിക മേഖലയിലും ആഴമേറിയ പ്രയാസങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു. തൊഴിലില്ലായ്മയുടെ നിരക്ക് കുത്തനെ ഉയർന്നു. സാമ്പത്തിക പ്രയാസത്തിൽ നിന്ന് കരകയറാനുള്ള പ്രയാണത്തിലും പ്രതിസന്ധികളുടെ കാലം പിന്നിട്ട ആശ്വാസത്തിലായിരുന്നു നാം. 2020 ഫെബ്രുവരിയോടു കൂടി കേരളം വീണ്ടും പടുകുഴിയിലേക്ക് പതിക്കുന്ന കാഴ്ചയാണ് കണ്ടത്. കൊവിഡ് 19 മനുഷ്യജീവനെ പന്താടിയപ്പോൾ ഒപ്പം സാമ്പത്തിക മേഖലയും തൊഴിൽ മേഖലയും അനേകം വെല്ലുവിളികൾ നേരിട്ടു.ഒരു ശരാശരി മലയാളിയുടെ ജീവിതം പ്രധാനമായും ചെയ്യുന്ന തൊഴിലിനെ ആശ്രയിച്ചാണിരിക്കുന്നത്. ജീവിതച്ചെലവിന്റെ രണ്ടറ്റവും മുട്ടിക്കാൻ ബുദ്ധിമുട്ടുന്നവന്റെ മുമ്പിൽ കൊവിഡ് ഒരു വലിയ ചോദ്യചിഹ്നമായി.
2020 ലെ കൊവിഡിന്റെ ഓളങ്ങൾ നിശബ്ദമായി വരുമ്പോഴാണ് രണ്ടാം വരവ്, . ലോക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും എല്ലാം അനുഭവിച്ച തലമുറ വീണ്ടും ഭയാനകമായ അവസ്ഥതയെ അഭിമുഖീകരിക്കുന്നു. ഉൗർജ്ജസ്വലതയോടുകൂടി സർക്കാരും ആരോഗ്യമേഖലയും ഉണർന്ന് പ്രവർത്തിക്കുന്നു.
ഇനിയെന്ത് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. പ്രതിരോധ കുത്തിവയ്പുകൾ അനുസ്യൂതം നടക്കുന്നു. ബോധവത്കരണം അങ്ങേയറ്റം സജീവം. പക്ഷേ കുത്തിവയ്പെടുത്താലും സൂക്ഷിച്ചില്ലെങ്കിൽ, അകലം പാലിച്ചില്ലെങ്കിൽ, മാസ്ക് ധരിച്ചില്ലെങ്കിൽ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന യാഥാർത്ഥ്യം നമ്മെ തുറിച്ചുനോക്കുന്നു. കൊവിഡ് മുക്തരാജ്യങ്ങളുടെ പട്ടികയിലേക്കത്താനും സാമ്പത്തിക - തൊഴിൽ മേഖലയുടെ ഉന്നമനത്തിനും നമുക്ക് ലക്ഷ്യമിടാം. അകലമാകട്ടെ പുതിയ അടുപ്പം, വാക്കുകളേക്കാൾ പ്രവൃത്തി പ്രസക്തമാകട്ടെ, കണ്ണുകൾ സംസാരിക്കട്ടെ, ഹൃദയങ്ങൾ കേൾക്കട്ടെ.
കാവിയ. പി
ഗവേഷണ വിദ്യാർത്ഥിനി
യൂണിവേഴ്സിറ്റി കോളേജ്
തിരുവനന്തപുരം