പൗർണ്ണമി ഫിലിംസിന്റ ബാനറിൽ മുൻ ജുവൈനൽ ജസ്റ്റിസ് ബോർഡ് മെമ്പർ സ്മിത സതീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം 'ഹോട്ട് ഫ്ളാഷ് ' ശ്രദ്ധേയമാകുന്നു. സ്മിത ഒരുക്കിയ സോഷ്യൽ അവേർനസ് ചിത്രം സ്മിത സതീഷ് യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. സ്ത്രീയുടെ മാനസിക, ശാരീരിക മാറ്റങ്ങൾ, പൊതു സമൂഹത്തിൽ അവതരിപ്പിക്കണമെന്ന ആഗ്രഹമാണ് ഈ ചിത്രത്തിന്റെ പിന്നിൽ. സ്ത്രീകൾ ഉള്ളിൽ മാത്രം ഒതുക്കി വയ്ക്കുന്ന വൈകാരിക തലങ്ങളിലൂടെയാണ് ഒരു സൈക്കോളജിക്കൽ കൗൺസിലർ കൂടിയായ സ്മിത സഞ്ചരിച്ചത്. ആർത്തവ, ആർത്തവ വിരാമവുമായി ബന്ധപ്പെട്ട് സ്ത്രീയിൽ ഉണ്ടാവുന്ന മാനസിക പ്രശ്നങ്ങൾ ഈ ചിത്രത്തിലൂടെ തുറന്ന് കാണിക്കുന്നു.
കുടുംബാംഗങ്ങൾ, പ്രത്യേകിച്ച് ജീവിതപങ്കാളി സഹാനുഭൂതിയോടും സ്‌നേഹത്തോടെയും പെരുമാറിയാൽ സ്ത്രീകൾക്ക് ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയുമെന്ന് കഥാമുഹൂർത്തങ്ങളിലൂടെ പറയുകയാണ് ഹോട്ട് ഫ്ളാഷ് എന്ന ഹ്രസ്വചിത്രം. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വലിയ പ്രതികരണമാണ് ചിത്രം നേടിയത്. പ്രത്യേകിച്ചും ആരോഗ്യ മേഖലയിൽ വർക്ക് ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ എന്നിവർ മികച്ച അഭിപ്രായവും പിന്തുണയുമായെത്തി.
സമൂഹത്തിന് വലിയൊരു ബോധവത്കരണവും മെസേജും നൽകുകയാണ് ഹോട്ട് ഫ്ളാഷ്. ഡി.ഒ.പി,എഡിറ്റിംഗ്: ബ്രിജേഷ് മുരളീധരൻ. ഗാനരചന, സംഗീതം: കിരൺ കൃഷ്ണൻ, ആലാപനം: അശ്വതി ജയരാജ്. കോസ്റ്റ്യൂം, മേക്കപ്പ്: രേഷ്മാസ് മ്യൂറൽ സ്റ്റുഡിയോ, പി.ആർ.ഒ: അയ്മനം സാജൻ. സ്മിത സതീഷ്, മനോജ് സുബ്രഹ്മണ്യൻ, മീര കൃഷ്ണൻ, അഭിരാമി ജ്യോതിഷ്, അനുരാധ ഗോപിനാഥ്, ഗിരിജ വേണുഗോപാൽ എന്നിവർ അഭിനയികുന്നു. സത്യജിത് റേ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പുതുമുഖ സംവിധായികയ്ക്കുള്ള അവാർഡ് സ്മിത സതീഷ് നേടിയിരുന്നു.