baroz

മോഹൻലാൽ സംവിധാനം ചെയ്യുന്ന 'ബറോസ്' സിനിമയുടെ സെക്കൻഡ് ഷെഡ്യൂൾ ആരംഭിച്ചു. മോഹൻലാൽ പങ്കുവച്ച ലൊക്കേഷൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, ഛായാഗ്രാഹകൻ സന്തോഷ് ശിവൻ എന്നിവരെയും ചിത്രങ്ങളിൽ കാണാം. ഗോവയിൽ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. അണിയറപ്രവർത്തകർക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ ഗോവയിലെ ചിത്രീകരണം അവസാനിപ്പിച്ച് കൊച്ചിയിൽ എത്തുകയായിരുന്നു. കൊച്ചിയിൽ നവോദയ സ്റ്റുഡിയോയിൽ സെറ്റിട്ടാണ് ഇപ്പോൾ ചിത്രീകരണം പുനഃരാരംഭിച്ചിരിക്കുന്നത്.

ചിത്രത്തിൽ സ്പാനിഷ് താരങ്ങളായ പാസ്‌വേഗ, റാഫേൽ അമർഗോ എന്നീ താരങ്ങളും വേഷമിടും. പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബറോസ് എന്ന ടൈറ്റിൽ കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കുന്നത്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാന്നൂറ് വർഷമായി യഥാർത്ഥ അവകാശി വരുന്നതും കാത്ത് നിധിക്ക് കാവലിരിക്കുന്ന ബറോസിനെ തേടി ഒരു കുട്ടി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.