veg-thali

ഏതെങ്കിലും ഒരു തരം ഭക്ഷണമാണ് ഏറ്റവും നല്ലതെന്ന് ആരെങ്കിലും പറഞ്ഞാൽ അത് എല്ലാവരും അംഗീകരിക്കാൻ സാദ്ധ്യതയില്ല. ഭക്ഷണമെന്നത് ജീവിക്കുന്ന ചുറ്റുപാടിനനുസരിച്ച് ജീവൻ ആരംഭിച്ച കാലം മുതൽ തുടങ്ങിയതാണ്. വിശപ്പടക്കുക എന്നത് മാത്രമാണ് ഭക്ഷണത്തിന്റെ ധർമ്മമെന്ന് പറഞ്ഞാൽ ആരും സമ്മതിച്ചുതരില്ല. അതുപോലെ,​ എന്തും ഭക്ഷണമാക്കുമെന്ന രീതിയും പൊതുവായി സമ്മതിക്കാനാകില്ല. അതുകൊണ്ടാണല്ലോ,​ ചൈനക്കാരുടെ ഭക്ഷണരീതി കേരളീയരിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത്.

എന്തുതന്നെ ഭക്ഷണമാക്കിയാലും അതിന്റെ ഗുണവും ദോഷവും ആദ്യകാലം മുതൽ തന്നെ ചർച്ച ചെയ്തിരുന്നു എന്നതും അത് പ്രധാനമായും ആരോഗ്യത്തെ കേന്ദ്രീകരിച്ചായിരുന്നു എന്നതും യാഥാർത്ഥ്യമാണ്.

മാംസഭുക്കുകൾക്ക് സസ്യഭുക്കുകളെക്കാൾ ശരീരബലവും പൊതുവായ ആരോഗ്യവും കൂടുതലാണെന്ന് സമ്മതിക്കേണ്ടിവരും. അതുകൊണ്ടുതന്നെ,​ കായികാദ്ധ്വാനം കൂടുതലുള്ളവർ മാംസഭക്ഷണത്തിന് പ്രാധാന്യം നൽകാനാണ് സാദ്ധ്യത. ഇപ്പോൾ ഭക്ഷണമെന്ന പേരിൽ ഉപയോഗിക്കുന്ന പല വസ്തുക്കളും ആരോഗ്യകരമല്ല എന്നതാണ് യാഥാർത്ഥ്യം. നമ്മൾ ആഗ്രഹിക്കാത്തതും ഇഷ്ടപ്പെടാത്തതും അറിയാത്തതുമായ നിരവധി വസ്തുക്കൾ കോമ്പിനേഷൻ എന്ന പേരിൽ ഭക്ഷണത്തിൽ ചേർക്കുന്നുണ്ടെന്നതാണ് വസ്തുത.

മാംസാഹാരം പ്രധാനപ്പെട്ടത് തന്നെയാണ്. 5000 വർഷങ്ങൾക്ക് മുമ്പ് രൂപം കൊണ്ട ആയുർവേദത്തിലും ഓരോ മാംസാഹാരവും പ്രാധാന്യത്തോടെ വിവരിക്കുന്നുണ്ട്. ആരോഗ്യമുണ്ടാക്കുന്ന ഭക്ഷണത്തിൽ പ്രധാനം മാംസാഹാരമാണെന്ന് സമ്മതിക്കാമെങ്കിലും രോഗത്തെ ഒഴിവാക്കാൻ നല്ലത് സസ്യാഹാരം തന്നെയാണെന്ന് പറയേണ്ടിവരും.

സസ്യാഹാരം സമീകൃതമായതും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതും ശരീരവണ്ണം നിയന്ത്രിക്കുന്നതും ദീർഘായുസ്സ് നൽകുന്നതും ദഹനപ്രക്രിയയ്ക്ക് ഏറ്റവും എളുപ്പമുള്ളതുമാണെന്ന് അറിയണം.

സസ്യാഹാരികൾക്ക് ഇതുകാരണം രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാൻ മാംസാഹാരികളേക്കാൽ എളുപ്പമാണ്.

സസ്യാഹാരങ്ങളെല്ലാം സുരക്ഷിതമാണെന്നോ അവ രോഗത്തെ ഉണ്ടാക്കുന്നില്ലെന്നോ ഇതിനർത്ഥമില്ല. മാംസാഹാരത്തെ അപേക്ഷിച്ച് സസ്യാഹാരമാണ് രോഗത്തെ അകറ്റി നിർത്താൻ കൂടുതൽ നല്ലത് എന്നു മാത്രം.

മലബന്ധം, അർശസ്, അൾസർ, കാൻസർ തുടങ്ങിയ രോഗങ്ങൾ മാംസാഹാരികളിൽ കൂടുതലാകാൻ ഇടയുണ്ട്. മാംസത്തിനായി വളർത്തുന്ന മൃഗങ്ങളിൽ പ്രയോഗിക്കുന്ന ആന്റിബയോട്ടിക്കുകളും ഹോർമോണുകളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും ചെറുതല്ല.

സസ്യാഹാരികളിൽ തന്നെ മുട്ട, പാൽ,പാലുൽപ്പന്നങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്.

എന്തായാലും,​ മാംസഭക്ഷണം പരമാവധി കുറച്ച് സസ്യാഹാരത്തിന് പ്രാധാന്യം നൽകുന്ന രീതിയാണ് രോഗത്തെക്കുറയ്ക്കാൻ നല്ലതെന്ന് സമ്മതിക്കേണ്ടിവരും.