
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, സർക്കാർ നടത്തുന്ന കൂട്ടപ്പരിശോധനയുടെ അപ്രായോഗികതയും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്ക് കത്തയച്ചു.
കൂട്ടപ്പരിശോധന മൂലം ഫലം വൈകുന്നത് പ്രതികൂലമായി ബാധിക്കും. രോഗലക്ഷണമുള്ളവരിലേക്കും, അവരുടെ പ്രാഥമിക സമ്പർക്കമുള്ളവരിലേക്കും, തിരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളിലേക്കും മാത്രമായി പരിശോധന നിജപ്പെടുത്തണം. എല്ലാവർക്കും വാക്സിനേഷൻ ഉറപ്പാക്കണം. രണ്ടാം തരംഗത്തെ നേരിടുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും കെ.ജി.എം.ഒ.എ കത്തിൽ പറയുന്നു.
പ്രധാന നിർദ്ദേശങ്ങൾ
ഇപ്പോൾ നടക്കുന്നത് ആർ.ടി.പി.സി.ആർ ടെസ്റ്റിംഗ് സംവിധാനങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറം. ഫലം വരാൻ ദിവസങ്ങൾ കാത്തിരിക്കണം.
പരിശോധനാശേഷി കൂട്ടാനുള്ള ലാബ് സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണം. കൂടുതൽ ആന്റിജൻ ടെസ്റ്റിംഗ് കിറ്റും ഉറപ്പാക്കണം. സ്വാബ് കളക്ഷൻ ലാബ് ടെക്നീഷ്യന്മാർ, ഡെന്റൽ ഡോക്ടർമാർ, എം.എൽ.എസ് .പി, സ്റ്റാഫ് നഴ്സ് തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയുള്ള സംവിധാനം വിപുലീകരിക്കണം. ഡാറ്റ എൻട്രി ഓപ്പറേറ്റർമാരുടെ കുറവ് പരിഹരിക്കണം.
വീടുകളിലെ ചികിത്സ പ്രോത്സാഹിപ്പിക്കുകയും വീടുകളിൽ കഴിയാൻ ബുദ്ധിമുട്ടുള്ളവർക്കായി ക്വാറന്റൈൻ സെന്ററുകൾ തുടങ്ങുകയും വേണം. ക്വാറന്റൈൻ ഉത്തരവാദിത്വം തദ്ദേശ വകുപ്പിന് വിഭജിച്ച് നൽകണം.
പുതിയ എഫ്.എൽ.ടി.സി, എസ്.എൽ.ടി.സികളിൽ 6 മാസത്തേക്കെങ്കിലും താത്കാലിക നിയമനം ഉറപ്പാക്കണം.
എല്ലാ സ്വകാര്യ ആശുപത്രികളുടെയും സേവനം കൊവിഡ് ചികിത്സയ്ക്ക് പ്രയോജനപ്പെടുത്തണം. സർവീസ് ചാർജ് മാത്രം ഈടാക്കി വാക്സിൻ സൗജന്യമാക്കണം
. കൊവിഡ് വാക്സിനേഷന് വാർഡുതല സമിതികൾ വഴി രജിസ്റ്റർ ചെയ്യണം.കൂടുതൽ മെഗാ ക്യാമ്പുകൾ സംഘടിപ്പിക്കുകയും താലൂക്ക് തലത്തിൽ ഡെഡിക്കേറ്റഡ് വാക്സിനേഷൻ സെന്ററുകളും, മൊബൈൽ വാക്സിനേഷൻ യൂണിറ്റുകളും രൂപീകരിക്കുകയും വേണം വാക്സിനേഷൻ സെന്ററുകളുടെയും ലഭ്യമായ വാക്സിന്റെയും വിവരം മാദ്ധ്യമങ്ങളിലൂടെ അറിയിക്കണം. വാക്സിനേഷൻ വ്യാപിപ്പിക്കുന്നതിന് കൂടുതൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കണം.
കൊവിഡ്: കൂട്ടപ്പരിശോധന അനിവാര്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് രോഗികളെ കണ്ടെത്താനുള്ള കൂട്ടപ്പരിശോധന അശാസ്ത്രീയമാണെന്ന സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ വിമർശനം മുഖവിലയ്ക്കെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കെ.ജി.എം.ഒ.എയെപ്പോലൊരു സംഘടനയിൽ നിന്ന് ഇത്തരമൊരു സമീപനം ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇതുപോലൊരു പ്രതിസന്ധി ഘട്ടത്തിൽ സാമൂഹ്യപ്രതിബദ്ധതയാവണം ഇത്തരം സംഘടനകൾ കണക്കിലെടുക്കേണ്ടത്. രോഗവ്യാപനം വലിയ തോതിൽ ഉയരുമ്പോൾ വേണ്ടത് രോഗം പെട്ടെന്ന് കണ്ടെത്തി ആവശ്യമായ പ്രതിരോധനടപടികൾ സ്വീകരിക്കുകയാണ്. ആ ഘട്ടത്തിൽ തങ്ങൾക്ക് ചില്ലറ അസൗകര്യങ്ങളുണ്ടാകുമല്ലോ എന്നല്ല കണക്കിലെടുക്കേണ്ടത്. നമ്മുടെ ആരോഗ്യപ്രവർത്തകരുടെ സേവനം അങ്ങേയറ്റം വിലമതിക്കേണ്ടത് തന്നെയാണ്. അപ്പോൾ അതിനെ വല്ലാത്തൊരു രീതിയിൽ ചിത്രീകരിക്കാൻ ശ്രമിക്കുകയല്ല, അവർക്ക് സഹായകമായ നിലപാടാണ് ഡോക്ടർമാരുടെ സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടത്. ഇങ്ങനെയൊന്നും നടത്താൻ പാടില്ലെങ്കിൽ പിന്നെയെന്താണ് പോംവഴി?- മുഖ്യമന്ത്രി ചോദിച്ചു. രാത്രി ഏഴരയ്ക്ക് കടകളടയ്ക്കണം രാത്രികാല നിയന്ത്രണത്തിന്റെ ഭാഗമായി കടകളടയ്ക്കുന്നതും മറ്രും സംബന്ധിച്ച് ആശയക്കുഴപ്പങ്ങളുണ്ടാകുന്നല്ലോയെന്ന് ചോദിച്ചപ്പോൾ, വല്ലാത്ത രോഗവ്യാപന ഘട്ടത്തിൽ രാത്രി ഏഴര മണിക്ക് കടകളടയ്ക്കുന്നതാണ് നല്ലതെന്നുമായിരുന്നു മറുപടി. സഹായങ്ങൾക്ക് അഭിനന്ദനം സംസ്ഥാനത്ത് കൊവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കാനുള്ള സർക്കാർനീക്കങ്ങൾക്ക് സഹായമായി സോഷ്യൽ മീഡിയ വഴി നടത്തുന്ന പ്രചാരണങ്ങളെയും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്നുകൊണ്ടിരിക്കുന്ന സഹായങ്ങളെയും മുഖ്യമന്ത്രി പ്രകീർത്തിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ വൈകിട്ട് നാലര വരെ, വാക്സിനെടുത്തവർ മാത്രം നൽകിയ സംഭാവന 22 ലക്ഷം രൂപയാണ്. അദ്ധ്യാപകർക്ക് കൊവിഡ് ഡ്യൂട്ടി തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ അടിയന്തര സാഹചര്യം പരിഗണിച്ച് കൊവിഡ് റാപ്പിഡ് റെസ്‌പോൺസ് ടീമിനെ സഹായിക്കാൻ അദ്ധ്യാപകരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രോഗം സ്ഥിരീകരിക്കുന്നവരുമായുള്ള സമ്പർക്ക പട്ടിക കൃത്യമായി രേഖപ്പെടുത്തുകയും അതിൽ ഉൾപ്പെടുന്നവരെ ഐസൊലേറ്റ് ചെയ്യുകയും വേണം.പിഎച്ച്സികളുടെ നേതൃത്തിൽ തദ്ദേശ വാർഡ് തലത്തിലുള്ള ദ്രുതകർമ സംഘത്തെ സഹായിക്കാനാണ് അദ്ധ്യാപകരെ നിയോഗിക്കുക. കോർപ്പറേഷൻ വാർഡിൽ അഞ്ചും മുനിസിപ്പൽ ഡിവിഷനിൽ രണ്ടും പഞ്ചായത്ത് വാർഡിൽ ഒന്നും അധ്യാപകരെ വീതം നിയോഗിക്കും. തിരുവനന്തപുരം ജില്ലയെ രണ്ടു സെക്ടറുകളായി തിരിച്ച് ഓക്സിജൻ സൗകര്യമുള്ള ആംബുലൻസുകൾ ഏർപ്പെടുത്തി.കോട്ടയത്ത് നിലവിലുള്ള എട്ടു ക്ലസ്റ്ററുകളിൽ നാലിലും മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവർക്കോ അവരുമായി സമ്പർക്കം പുലർത്തിയവർക്കോ ആണ് രോഗം ബാധിച്ചത്. ഇൗ പ്രവണത നിയന്ത്രിക്കും. വാക്സിൻ സൗജന്യമാക്കാൻ പണം നൽകി ഹാഷ് ടാഗ് തിരുവനന്തപുരം: കൊവിഡ് വാക്സിൻ ഉയർന്ന വില നൽകി സംസ്ഥാനങ്ങൾ മരുന്നു കമ്പനികളിൽ നിന്ന് വാങ്ങണമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ എതിർത്തും വാക്സിൻ സൗജന്യമായി ജനങ്ങൾക്കു നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ പിന്തുണച്ചും സോഷ്യൽ മീഡിയയിൽ ' വാക്സിൻ ചലഞ്ച് ' സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ വാക്സിൻ സ്വീകരിച്ചവർ രണ്ട് ഡോസ് വാക്സിന്റെ തുകയായ 800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയെന്നതാണ് പുതിയ കാമ്പയിൻ. #vaccinechallenge എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയ കാമ്പയിൻ സജീവമാണ്. വാക്സിൻ എടുത്തവരും എടുക്കാത്തവരുമായ നിരവധി പേർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 800 രൂപ നിക്ഷേപിക്കുകയും അതിന്റെ സാക്ഷ്യപത്രം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തുമാണ് പ്രതിഷേധത്തിൽ പങ്കാളികളാവുന്നത്. സംസ്ഥാനത്ത് എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്നും സർക്കാരിന്റെ മുൻനിലപാടിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.