കല്ലമ്പലം: കരവാരം പഞ്ചായത്ത് പരിധിയിലുള്ള ഈരാണിക്കോണത്ത് വീണ്ടും മാലിന്യം നിക്ഷേപം വ്യാപകം. പ്രദേശം മാലിന്യ നിക്ഷേപ കേന്ദ്രമായതോടെ സ്ഥലം വൃത്തിയാക്കി മാലിന്യം നിർമാർജനം ചെയ്തെങ്കിലും ഒരിടവേളയ്ക്ക് ശേഷം വീണ്ടും മാലിന്യം തള്ളൽ തുടരുകയാണ്.

പുതുശ്ശേരിമുക്ക് – വെള്ളല്ലൂർ റോഡരികിലാണ് വൻ തോതിൽ മാലിന്യം തള്ളിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസ്, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പഞ്ചായത്ത് സ്ഥലം വൃത്തിയാക്കി ബോർഡ് സ്ഥാപിച്ചെങ്കിലും കാടുകയറിയ നിലയിലാണ് ഇവിടം. മാലിന്യം ചീഞ്ഞു നാറി ദുർഗന്ധം വമിക്കുകയാണ്.

രാത്രിയിലാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. മത്സ്യ മാംസാവശിഷ്ടങ്ങളും ഭക്ഷണ മാലിന്യവും ഈ കൂട്ടത്തിലുണ്ട്. ഇവയാണ് ചീഞ്ഞു നാറി ദുർഗന്ധം പരക്കുന്നത് ഭക്ഷണാവശിഷ്ടങ്ങൾ തേടിയെത്തുന്ന തെരുവുനായ്ക്കളുടെ ശല്യവുമുണ്ട്. പുലർച്ചെ ഇതുവഴി നടക്കാനിറങ്ങുന്നവർക്ക് ഇവ ഭീഷണിയാണ്. പ്രദേശത്ത് കെട്ടികിടക്കുന്ന മാലിന്യം നാട്ടുകാർ നീക്കം ചെയ്താലും വീണ്ടും കൊണ്ടുവന്ന് തള്ളുകയാണ്.