പൂവാർ: കൊവിഡിന്റെ രണ്ടാം തരംഗം താണ്ഡവമാടുമ്പോൾ തീരദേശ മേഖലയിലാകെ പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാണെന്നാണ് പ്രദേശ വാസികൾ പറയുന്നത്. ഒന്നാം തരംഗത്തിൽ സ്വീകരിച്ച യാതൊരു പ്രതിരോധ നടപടിയും തുടക്കമിടാൻ പോലും തീരദേശത്ത് ഇതുവരെയും കഴിഞ്ഞിട്ടില്ല. കാരോട്, കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ പഞ്ചായത്തുകളിലെ പള്ളി കമ്മിറ്റികളും പൊലീസും ആരോഗ്യ പ്രവർത്തകരും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും സംയുക്തമായി തീരം ഒഴിപ്പിക്കൽ പ്രക്രിയ നടപ്പാക്കിയിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ തീരം ഒഴിപ്പിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ചന്തകളിൽ ആൾക്കൂട്ടം പതിവ് പോലെയാണ്. മത്സ്യ ലേലവും പതിവ് പോലെ പൊടിപൊടിക്കുന്നു. സാമൂഹിക അകലം ആരും പാലിക്കുന്നില്ല. ആരും മസ്ക്ക് ധരിക്കാറില്ല. ധരിക്കുന്നവരാകട്ടെ ശരിയായ രീതിയിലല്ല. പൊതു ഇടങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർ കൂടുതലാണ്. ഗ്രാമ പഞ്ചായത്തിന്റെയും ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെയും ബോധവത്കരണ ക്യാമ്പയിനുകൾ നാട്ടുകാർക്കിടയിൽ ഇതുരെയും ആരംഭിച്ചിട്ടില്ലന്നും ആക്ഷേപമുണ്ട്.

തീരദേശത്ത് വാക്സിൻ വിതരണം അവതാളത്തിലാണ്. പൂവാർ പോലുള്ള ചുരുക്കം ചില പഞ്ചായത്തുകളിൽ തുടക്കത്തിൽ വാർഡുകൾ കേന്ദ്രീകരിച്ച് വാക്സിൻ വിതരണം നടത്തിയിരുന്നു. എന്നാൽ വാക്സിൻ ക്ഷാമം നേരിട്ടതോടെ വിതരണം പൂർണ്ണമായും നിറുത്തി വച്ചിരിക്കുകയാണ്. ഇത് തീരദേശ വാസികളിൽ ആശങ്ക പടർത്തിയിട്ടുണ്ട്. എത്രയും വേഗം വാക്സിൻ വിതരണം പുന:രാരംഭിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.