കിളിമാനൂർ: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ആശുപത്രിക്കെട്ടിടം ആറു മാസം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാത്തത് രോഗികളെ വലയ്ക്കുന്നു.കിളിമാനൂർ കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനമാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നടന്നത്. കെട്ടിടം ഉദ്ഘാടനം ചെയ്തത് മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു.
2013-14 സാമ്പത്തിക വർഷം ആരംഭിച്ച പണി കാലങ്ങളായി നീണ്ടു പോകുകയും കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ അവസാനത്തിൽ പണി പൂർത്തിയാക്കുകയുമായിരുന്നു. ഇതോടെ വർഷങ്ങളായി ആശുപത്രി അനുഭവിക്കുന്ന സ്ഥലപരിമിതിക്ക് പരിഹാരമാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം കഴിയുമ്പോഴും കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചിട്ടില്ല. ഇപ്പോഴും മരാമത്ത് പണികൾ തുടരുകയാണ്.
കിളിമാനൂർ ബ്ലോക്കിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ പ്രധാനപ്പെട്ടതാണ് കേശവപുരം ആശുപത്രി. കിടപ്പ് രോഗികൾക്കായി ഇരുനില കെട്ടിടമുണ്ടെങ്കിലും മറ്റ് വിഭാഗക്കൾക്ക് കെട്ടിടങ്ങൾ ഒന്നും ഇല്ലായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ കെട്ടിടത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കാൻ ബ്ലോക്ക് അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രോഗികൾ ദുരിതത്തിൽ
ദിവസേന നൂറ് കണക്കിന് രോഗികൾ എത്തുന്ന ഇവിടെ ഒ.പിയിൽ ഡോക്ടറെ കാണാനും ഇഞ്ചക്ഷൻ, ഡ്രസിംഗ്, ലാബ് തുടങ്ങി സ്ഥലസൗകര്യങ്ങളും ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. കൊവിഡ് പടർന്നുപിടിക്കുന്ന നഗരൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെന്റർ കൊവിഡ് വാക്സിനേഷൻ സെന്റർ കൂടിയാണ്. ഇവിടെ എത്തുന്നവർ നിലവിൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്.
മികവിൽ മുന്നിൽ...
ആരോഗ്യ രംഗത്തെ സമസ്ത മേഖലകളിലും മികവ് പുലർത്തി സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് മാതൃകയായിരുന്ന കേശവപുരം ആശുപത്രി നിലവിൽ സ്ഥലപരിമിതി കൊണ്ടും, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ലഭ്യതക്കുറവ് കൊണ്ടും, മുഴുവൻ സമയവും ഡോക്ടർമാരുടെ ലഭ്യതക്കുറവുകൊണ്ടും ഏറെ ബുദ്ധിമുട്ടുകയാണ്.