cpi

തിരുവനന്തപുരം:എൺപതിന് മുകളിൽ സീറ്റുമായി ഇടതുമുന്നണിക്ക് തുടർഭരണം ഉറപ്പാണെന്ന് സി.പി.ഐ സംസ്ഥാന നിർവാഹക സമിതിയുടെ വിലയിരുത്തൽ.

പ്രചാരണത്തിന്റെ തുടക്കത്തിൽ ഇടതുമുന്നണിക്ക് എതിരാളികൾ ഇല്ലായിരുന്നു. എന്നാൽ അവസാനത്തെ രണ്ടാഴ്ച പോരാട്ടം കടുത്തു. എൽ.ഡി.എഫിന് കഠിനമായി അദ്ധ്വാനിക്കേണ്ടി വന്നു.

എൺപത് സീറ്റുമായി അധികാരത്തിൽ തുടരുമെന്നാണ് കണക്കാക്കുന്നത്. സ്ഥിതി കൂടുതൽ അനുകൂലമായാൽ 80സീറ്റിൽ കൂടാം.

25 സീറ്റിൽ മത്സരിച്ച സി.പി.ഐക്ക് 15 - 17 സീറ്റ് വരെ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ചില മണ്ഡലങ്ങളിൽ പോരാട്ടം അവസാനനിമിഷം കടുത്തതിനാൽ 13 സീറ്റ് വരെയായി താഴാനും സാദ്ധ്യതയുണ്ട്.

സിറ്റിംഗ് സീറ്റുകളിൽ പ്രധാനമായും തൃശൂർ, മൂവാറ്റുപുഴ, കരുനാഗപ്പള്ളി, പീരുമേട് മണ്ഡലങ്ങൾ നഷ്ടമായേക്കും. ഒല്ലൂർ, നെടുമങ്ങാട്, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിലും മത്സരം കടുത്തു. അവയും മറിഞ്ഞേക്കാം. ചാത്തന്നൂരിലും ചടയമംഗലത്തും ഇടതുമുന്നണിയുടെ രാഷ്ട്രീയ വോട്ടുകളിലാണ് പ്രതീക്ഷ. കയ്‌പമംഗലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് മികവുണ്ടെങ്കിലും രാഷ്ട്രീയ മേൽക്കൈ ഇടതിനാണ്. നാട്ടികയിലും അതാണ് സ്ഥിതി. കത്തോലിക്ക സ്വാധീനമുള്ള ഒല്ലൂർ മണ്ഡലം കെ. രാജന്റെ വ്യക്തിഗത മികവിൽ നിലനിറുത്തിയെങ്കിൽ മാത്രമേയുള്ളൂ. യു.ഡി.എഫ് സ്ഥാനാർത്ഥി ക്രൈസ്തവസഭയ്ക്ക് താല്പര്യമുള്ള ആളാണ്. മലപ്പുറം ജില്ലയിൽ മൂന്നിടത്ത് മത്സരിച്ചതിൽ തിരൂരങ്ങാടിയിൽ ജയസാദ്ധ്യത തള്ളുന്നില്ല. മലബാർ ജില്ലകളിൽ പൊതുവെ ഇടതുമുന്നണി മേൽക്കോയ്മ നിലനിറുത്തുമെന്നാണ് വിലയിരുത്തൽ. തെക്കൻ ജില്ലകളിലാണ് അടിയൊഴുക്കുകൾ പ്രതീക്ഷിക്കുന്നത്. മഞ്ചേരി, ഏറനാട്, പറവൂർ, ഹരിപ്പാട് മണ്ഡലങ്ങളിൽ സാദ്ധ്യത കാണുന്നില്ല.

ബി.ജെ.പി വോട്ട് ശതമാനം ഉയർത്താമെങ്കിലും സീറ്റുകളൊന്നും നേടില്ല. നേമത്ത് വി. ശിവൻകുട്ടി വിജയിക്കും.

നേമം, മഞ്ചേശ്വരം, ചാത്തന്നൂർ മണ്ഡലങ്ങളിൽ ബി.ജെ.പി മുന്നേറ്റമുണ്ടാക്കാം. ഇത് തിരിച്ചറിഞ്ഞ മതന്യൂനപക്ഷങ്ങളുടെ പിന്തുണ ഇടതിന് അനുകൂലമായെന്നാണ് കണക്കാക്കുന്നത്. ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം തീരദേശ മണ്ഡലങ്ങളിൽ അവസാനമായപ്പോൾ ചലനങ്ങളുണ്ടാക്കി. രാഹുൽ, പ്രിയങ്ക, മോദി, അമിത്ഷാ എന്നിവരുടെ വരവ് വലതുപക്ഷ പ്രചാരണത്തിൽ അവസാനം വലിയ മുന്നേറ്റമുണ്ടാക്കി. എങ്കിലും മേൽക്കൈ ബി.ജെ.പിയെക്കാൾ യു.ഡി.എഫിനാകും.

ജില്ലാ ഘടകങ്ങളുടെ അവലോകന റിപ്പോർട്ടുകളാണ് യോഗത്തിൽ അവതരിപ്പിച്ചത്. ഇടുക്കി ജില്ലാ സെക്രട്ടറി കൊവിഡ് പോസിറ്റീവായി വിശ്രമത്തിലായതിനാൽ റിപ്പോർട്ട് ലഭിച്ചില്ല. എങ്കിലും പീരുമേട്ടിൽ സാദ്ധ്യത കമ്മിയാണെന്ന് വിലയിരുത്തുന്നു.