covid

കൊവിഡിനെ ലോകത്ത് നിന്ന് തുടച്ചു നീക്കാനുള്ള ഗവേഷണങ്ങളിലാണ് ശാസ്ത്രലോകം. വാക്സിൻ ഗവേഷണങ്ങൾ തന്നെയാണ് ഇക്കൂട്ടത്തിൽ മുന്നിൽ. കൊവിഡ് വാക്സിനുകളുടെ കൂട്ടത്തിലേക്ക് പ്രതീക്ഷയേകുന്ന മറ്റൊരു വാക്സിൻ കൂടി കടന്നെത്തിയിരിക്കുകയാണ്. കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ 'മെഡികാഗോ " പുകയിലയിൽ നിന്ന് വികസിപ്പിച്ച രണ്ട് ‌ഡോസ് വാക്സിനാണത്.

അവസാനഘട്ട ട്രയലുകൾ പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഈ വാക്സിൻ വിജയകരമായാൽ വേഗത്തിൽ നിർമ്മിക്കാനും മറ്റുള്ള വാക്സിനുകളേക്കാൾ എളുപ്പത്തിൽ വിതരണം ചെയ്യാനും സാധിക്കും. നിർമ്മാണ ചെലവും താരതമ്യേന കുറവാണ്.

പുകയില വർഗത്തിൽപ്പെട്ട ചെടിയിൽ നിന്ന് നിർമ്മിച്ചിരിക്കുന്ന മെഡികാഗോയുടെ വാക്സിനിൽ വി.എൽ.പികൾ ( വൈറസ് - ലൈക്ക് പാർട്ടിക്കിൾസ് ) അടങ്ങിയിട്ടുണ്ട്. വൈറസുകളുമായി സാദൃശ്യമുള്ള തന്മാത്രകളാണ് വി.എൽ.പികൾ. എന്നാൽ ഇവയിൽ വൈറൽ ജനിതക ഘടകങ്ങൾ ഇല്ലാത്തതിനാൽ അപകടകാരികളല്ല. മണ്ണിലേക്ക് ചേർക്കുന്ന ഇത്തരം ഘടകങ്ങളെ പുകയിലച്ചെടി വളരുന്നതിനനുസരിച്ച് ആഗിരണം ചെയ്യുന്നു. കൊറോണ വൈറസിനെ പോലെയുള്ള ആകൃതിയോടുകൂടിയ ഇവ ശരീരത്തിലെത്തുമ്പോൾ കൊറോണ വൈറസിനെതിരെ പ്രവർത്തിക്കാൻ പ്രതിരോധ വ്യവസ്ഥയെ പ്രാപ്തമാക്കുന്നു. ഓസ്ട്രേലിയയിൽ കണ്ടുവരുന്ന പുകയില സ്പീഷിസിൽപ്പെട്ട ' നിക്കോട്ടിയാന ബെൻതമിയാന " എന്ന സസ്യമാണ് വാക്സിൻ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

വൈറസിന്റെ മുഴുവൻ ഘടനയ്ക്ക് പകരം വൈറസിന്റെ സ്പൈക്ക് പ്രോട്ടീനെ മാത്രം ലക്ഷ്യം വയ്ക്കുന്ന വാക്സിനുകളിൽ നിന്ന് വ്യത്യസ്തമാണിത്. ഫൈസർ, മൊഡേണ പോലെയുള്ള വൻകിട വാക്സിനുകളെക്കാൾ വില കുറവായിരിക്കും ഇതിനെന്ന് നിർമ്മാതാക്കൾ പറയുന്നു. ഉയർന്ന ശീതീകരണ താപനിലയിൽ സൂക്ഷിക്കേണ്ട എന്നതിനാൽ വളരെ വേഗത്തിൽ വിതരണവും സാദ്ധ്യമാകും.

ചെടികളിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകങ്ങളാൽ നിർമ്മിതമായതിനാൽ വാക്സിനേഷന് വിധേയമാകുന്നവരിൽ കണ്ടുവരുന്ന അസ്വസ്ഥതകൾ കുറയ്ക്കുകയും ചെയ്യുന്നു. യു.എസിൽ ഉൾപ്പെടെ 18 വയസിന് മുകളിലുള്ള 30,000 വോളന്റിയർമാരിലാണ് മെഡികാഗോ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്തുന്നത്.