ufo

അജ്ഞാത ആകാശ വസ്തുക്കളെയാണ് പൊതുവെ പറക്കും തളികകൾ അഥവാ യു.എഫ്.ഒകൾ (Unidentified flying objects - UFOs) എന്നറിയപ്പെടുന്നത്. അന്യഗ്രഹ ജീവികളും അവ സഞ്ചരിക്കുന്നതെന്ന് കരുതപ്പെടുന്ന പറക്കുംതളികകളും വെറും സാങ്കല്പികമാണെന്ന് ശാസ്ത്രലോകം പറയുന്നുണ്ടെങ്കിലും ഇവയ്ക്ക് പിന്നാലെ പായുന്നവർ ഏറെയാണ്. പറക്കുംതളികകളുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്ന തരത്തിലെ അവിശ്വസനീയ റിപ്പോർട്ടുകൾ പുറത്തുവിട്ട് വാർത്തകളിൽ നിറയുന്ന രാജ്യമാണ് അമേരിക്ക. അവിടെ നിന്ന് തന്നെ ഇപ്പോഴിതാ മറ്റൊരു വാർത്തയും വന്നിരിക്കുന്നു.

2020ൽ അമേരിക്കയിൽ പറക്കുംതളികകളെ കണ്ടതായുള്ള വാർത്തകളിൽ ഗണ്യമായ വർദ്ധനവാണുണ്ടായി എന്നതാണത്. പോയവർഷം ന്യൂയോർക്ക് സംസ്ഥാനത്ത് മാത്രം 300 റിപ്പോർട്ടുകളാണുണ്ടായത്. ലോക്ക്‌ഡൗൺ കാലയളവിലാണ് ഇത്തരം റിപ്പോർട്ടുകളിൽ വർദ്ധനവുണ്ടായത്. എന്തു കൊണ്ടാണ് ഇത്തരത്തിൽ ഒരു വർദ്ധനവുണ്ടായത് എന്നതിന് കൃത്യമായ ഉത്തരമില്ല. മഹാമാരിയുടെ പശ്ചാത്തലത്തിൽ തിരക്കേറിയ ജീവിത സാഹചര്യത്തിൽ നിന്ന് മാറി വീടുകളിലേക്ക് ഒതുങ്ങിക്കൂടിയതോടെ പലരും അന്തരീക്ഷത്തെ ശ്രദ്ധിക്കാൻ തുടങ്ങിയതാണ് ആകാശത്തിൽ ഇത്തരം അജ്ഞാത വസ്തുക്കളെ കണ്ടതായുള്ള വാർത്തകൾ വരാനുള്ള കാരണമെന്ന് ചിലർ പറയുന്നു.

യു.എസിലെ നാഷണൽ യു.എഫ്.ഒ റിപ്പോർട്ടിംഗ് സെന്ററിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം പറക്കും തളികകൾ കണ്ടതായുള്ള 7,263 റിപ്പോർട്ടുകളാണുണ്ടായത്. 2019ൽ ഇത് 6,277 ആയിരുന്നു. 2010ൽ രേഖപ്പെടുത്തിയതാകട്ടെ 4,809 കേസുകളും. 2020 ഏപ്രിൽ മാസത്തിൽ മാത്രം 1,044 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന മാസക്കണക്കാണിത്.

പറക്കും തളികകളെ കണ്ടതായുള്ള റിപ്പോർട്ടുകൾ വർഷാവർഷം കൂടിവരികയാണ്. സി.ഐ.എ അടക്കുമുള്ള ഔദ്യോഗിക ഏജൻസികൾ ആകാശത്ത് അ‌ജ്ഞാത വസ്തുക്കളെ കണ്ടത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്നത് പലരിലും അതിനോടുള്ള താത്പര്യം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത്തരക്കാർ ഇങ്ങനെയുള്ള അ‌ജ്ഞാത വസ്തുക്കളെ കണ്ടെത്താനുള്ള ശ്രമം നടത്തുകയും ചെയ്യുന്നു. എന്നാൽ ഇത്തരക്കാർ പറക്കുംതളികകൾ എന്ന് തെറ്റിദ്ധരിക്കുന്നത് പലപ്പോഴും ചെറുവിമാനങ്ങളെയാണ്. മരീചിക പോലുള്ള മിഥ്യാധാരണയാകാനും ഇടയുണ്ട്.

അടുത്തിടെ പറക്കും തളികയ്ക്ക് സമാനമായ അ‌ജ്ഞാത വസ്തുവിന്റെ വീഡിയോ യു.എസ് നേവി പുറത്തുവിടുകയും പെന്റഗൺ അത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. യു.എസ് അധികൃതർ ആകാശത്ത് കണ്ടെത്തിയ അജ്ഞാത വസ്തുക്കളെ സംബന്ധിച്ച സി.ഐ.എയുടെ സുപ്രധാനമായ രഹസ്യരേഖകൾ ഈ വർഷം ആദ്യം പുറത്തുവിട്ടിരുന്നു. ശാസ്ത്രലോകവും പറക്കുംതളികകളുടെ പിന്നാലെയുണ്ട്.