തിരുവനന്തപുരം: സി.പി.എം പ്രതിനിധികളായ ജോൺ ബ്രിട്ടാസ്, ഡോ.വി. ശിവദാസൻ, മുസ്ലിംലീഗ് പ്രതിനിധി പി.വി. അബ്ദുൾ വഹാബ് എന്നിവർ കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാ എം.പിമാരാകും.
മൂന്ന് പേരുടെയും പത്രികകൾ കഴിഞ്ഞ ദിവസം സൂക്ഷ്മപരിശോധനയിൽ സ്വീകരിക്കപ്പെട്ടു. പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് വൈകിട്ട് മൂന്ന് മണി വരെയാണ്. അത് കഴിഞ്ഞാൽ ഇവർ വിജയികളായെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
....................................................
സ്വതന്ത്രനായി ഡോ.കെ. പത്മരാജൻ വീണ്ടും
തമിഴ്നാട് മേട്ടൂർ സ്വദേശി ഡോ.കെ. പത്മരാജൻ ഇത്തവണയും രാജ്യസഭാ തിരഞ്ഞെടുപ്പിന് സ്വതന്ത്രനായി പത്രിക സമർപ്പിച്ചിരുന്നു. പത്ത് എം.എൽ.എമാർ പിന്താങ്ങണമെന്ന വ്യവസ്ഥ പാലിക്കാത്തതിനാൽ പതിവു പോലെ തള്ളപ്പെട്ടു. കെട്ടിവച്ച പതിനായിരം രൂപ അദ്ദേഹത്തിന് തിരികെ കിട്ടി.
പത്മരാജന്റെ 218ാമത്തെ നാമനിർദ്ദേശ പത്രികയാണിത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെയും ഇത്തവണ അദ്ദേഹം പത്രിക നൽകിയെങ്കിലും കേരളത്തിലെ വോട്ടറല്ലാത്തതിനാൽ തള്ളപ്പെട്ടു.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ അദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നു. ജന്മദേശം കണ്ണൂർ കല്യാശ്ശേരിയിലാണെങ്കിലും തമിഴ്നാട് സ്വദേശിയായാണ് ജീവിക്കുന്നത്. കുഞ്ഞമ്പുനായർ ആണ് അച്ഛൻ. ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകളിൽ പത്രിക സമർപ്പിച്ച വ്യക്തിയായി ഗിന്നസ് ബുക്കിൽ കയറാനാണ് ശ്രമം. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എ.പി.ജെ. അബ്ദുൾകലാമിനെതിരെ മത്സരിക്കാൻ പത്രിക നൽകിയതോടെയാണ് പത്മരാജൻ ജനശ്രദ്ധ നേടിയത്.