rogi

കാസർകോട്: ജില്ലയിലെ മെഡിക്കൽ കോളേജിലും കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന മറ്റു ആരോഗ്യകേന്ദ്രങ്ങളിലും നൽകുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് ആക്ഷേപം. ബദിയടുക്കയിലെ മെഡിക്കൽ കോളേജിലെ രോഗികൾ ഇന്നലെ ഭക്ഷണം ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. രാവിലെ ചായയുടെ ഒപ്പം വിതരണം ചെയ്ത ഉപ്പുമാവ് തിന്നാൻ കൊള്ളാത്തതെന്ന് ആരോപിച്ച് നാല് രോഗികൾ ബഹിഷ്ക്കരിച്ചു പ്രതിഷേധിച്ചിരുന്നു. ഉച്ചയ്ക്ക് കൊണ്ടുവന്ന ചോറും കറിയും കഴിക്കാൻ കൊള്ളാത്തതെന്ന് തിരിച്ചറിഞ്ഞതോടെ രോഗികൾ ഒന്നടങ്കം ബഹളം വച്ചു. ചോറിന് കൊണ്ടുവരുന്ന കറികളും ചായയുടെ പലഹാരങ്ങളും തിന്നാൻ കൊള്ളില്ലെന്നാണ് ഇവരുടെ പരാതി. രാവിലെ വിതരണം ചെയ്ത ഉപ്പുമാവിൽ മധുരം കിട്ടാൻ സീറയുടെ ഭാഗങ്ങൾ ചേർത്തിരുന്നു. നല്ല കറികൾക്ക് പകരം കൊടുക്കുന്നത് മുളക് ചേർത്ത വെള്ളമാണ്. ദിവസങ്ങളായി രുചിയില്ലാത്ത പലഹാരങ്ങളും കറികളും വിതരണം ചെയ്തു തുടങ്ങിയതോടെയാണ് രോഗികൾ പരസ്യമായി പ്രതിഷേധിച്ചത്.

ചട്ടഞ്ചാലിലെ ഒരു കരാറുകാരനാണ് മെഡിക്കൽ കോളേജിൽ ഭക്ഷണം പാചകം ചെയ്ത് എത്തിക്കുന്നതെന്നാണ് അറിയുന്നത്. ഒരു ദിവസം ഒരു കൊവിഡ് രോഗിക്ക് ഭക്ഷണം വിളമ്പാൻ 180 രൂപ സർക്കാർ നൽകുന്നുണ്ട്. രാവിലെ ചായ, പലഹാരം, ഉച്ചയ്ക്ക് ഊണ്, രാത്രി ചപ്പാത്തി എന്നിങ്ങനെ നൽകണം. എന്നാൽ 100 രൂപയുടെ മൂല്യമുള്ള ഭക്ഷണം കിട്ടുന്നില്ലെന്നാണ് പരാതി. കാഞ്ഞങ്ങാട് ഗുരുവനത്തെ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലും കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരം പോരെന്ന് പറഞ്ഞ് രോഗികൾ പ്രതിഷേധിച്ച സംഭവം ഉണ്ടായിരുന്നു. 'ഗുരുവനത്തെ ചോറിൽ ഒഴിച്ചാൽ കാഞ്ഞങ്ങാട് എത്തുന്ന' വെള്ളമാണ് കറിയായി തരുന്നതെന്ന് രോഗികൾ പരാതിപ്പെട്ടിരുന്നു. മെഡിക്കൽ കോളേജിലെയോ ട്രീറ്റ്മെന്റ് സെന്ററുകളിലെയോ ജീവനക്കാർക്കോ ഡോക്ടർമാർക്കോ ഇതൊന്നും അറിയില്ല. അവർ നിസഹായരാണ്. ഉദ്യോഗസ്ഥ തലത്തിൽ നൽകുന്ന കരാർ പ്രകാരമാണ് കരാറുകാർ ഭക്ഷണം വിളമ്പുന്നത്. നേരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ രോഗികൾക്ക് ഭക്ഷണം നൽകുമ്പോൾ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥന്മാർ നേരിട്ട് കൈകാര്യം ചെയ്യാൻ തുടങ്ങിയതോടെയാണ് കൊള്ള നടക്കുന്നതെന്നാണ് ആരോപണം.

ബൈറ്റ്

പുറത്തുനിന്ന് ആർക്കും എത്തിപ്പെടാൻ കഴിയാത്ത കേന്ദ്രമായതിനാൽ കൊള്ള നടത്തുക എളുപ്പമാണ്. ഭീമമായ തുക സർക്കാർ ഫണ്ടിൽ നിന്ന് ചിലവിടുമ്പോൾ നല്ല ഭക്ഷണം ലഭിക്കേണ്ടേ ?

(കൊവിഡ് രോഗി

ബദിയടുക്ക മെഡിക്കൽ കോളേജ്)