തൃശൂർ: തൃശൂർ ശക്തൻ സ്റ്റാൻഡിലെ പ്രമുഖ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച 18 വയസുകാരായ രണ്ടു പേരെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പാറക്കടവ് മംഗലത്ത് അജിത്(18), പാറക്കടവ് കുറുവശ്ശേരി ആലുവക്കാരൻ ഭൈരവനാഥ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാർച്ച് 18നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് മോഷ്ടിച്ച് വാഹനം ആൾട്ടറേഷൻ നടത്തി ഉപയോഗിച്ച് വരുന്നതിനിടെയാണ് അങ്കമാലി പാലത്തിന് താഴേവെച്ച് പൊലീസ് പരിശോധന ഭയന്ന് വാഹനം ഉപേക്ഷിച്ച് ഇരുവരും കടന്നത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. സമാന രീതിയിൽ കഴിഞ്ഞ ആഴ്ച ചാലക്കുടിയിൽ നിന്നും മറ്റൊരു ബൈക്ക് മോഷ്ടിച്ചതായി ഇവർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ഈസ്റ്റ് പൊലീസ് എസ്.എച്ച്.ഒ.ഐ. ഫിറോസ്, എസ്.ഐമാരായ എസ്. അൻഷാദ്., എസ്. സിനോജ്. ജൂനിയർ എസ്.ഐമാരായ അഭിലാഷ്, മധു, ജി.എ.എസ്.ഐ ഗോപിനാഥൻ, പൊലീസ് ഉദ്യോഗസ്ഥരായ അനിൽകുമാർ, അരുൺജിത്ത്, പ്രീത്, തൃശൂർ ഷാഡോ പൊലീസ് അംഗം പഴനി സ്വാമി, അങ്കമാലി ഷാഡോ പൊലീസ് അംഗം റോണി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.