
തിരുവനന്തപുരം: കൊവിഡ് കാലത്തിന്റെ എല്ലാ ആശങ്കയോടെയും പരീക്ഷാ ഹാളിലെത്തിയ പ്ലസ് ടു വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരുന്നതായി ഇംഗ്ലീഷ് പരീക്ഷ. ഭൂരിഭാഗം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്ന് . മാച്ച് ബോക്സ് എന്ന പാഠഭാഗത്തിൽ നിന്ന് കൂടുതൽ ചോദ്യങ്ങളുണ്ടായത് പരീക്ഷ എളുപ്പമാക്കി.
80 ശതമാനത്തോളം ചോദ്യങ്ങളും അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രതീക്ഷിച്ചതാണ്. ചുരുക്കം ചില ചോദ്യങ്ങൾ ബുദ്ധിമുട്ടിച്ചെങ്കിലും കൂടുതൽ ഓപ്ഷനുകളുള്ളതിനാൽ മാർക്കിനെ അത് ബാധിക്കില്ല. അന്തരിച്ച സംവിധായകൻ സച്ചിയെപ്പറ്റി ലഘുവിവരണം തയ്യാറാക്കാനുള്ള ആറ് മാർക്കിന്റെ ചോദ്യവും വന്നു. സച്ചിയുടെ സിനിമകളെ സ്നേഹിക്കുന്ന ഏറെ വിദ്യാർത്ഥികളും നന്നായി ഉത്തരമെഴുതി. നോബൽ പ്രൈസ് ജേതാവ് വാൻഗാരി മതായിയെപ്പറ്റി കുറിപ്പെഴുതാനും ചോദ്യം വന്നു. എട്ട് മാർക്കിന്റെ അഞ്ച് ചോദ്യങ്ങളിൽ നാലും വിദ്യാർത്ഥികൾക്ക് പരിചിതമാണ്.ഗ്രാമർ ചോദ്യങ്ങളും ലളിതമായിരുന്നുവെന്ന് കണ്ണൂർ ഇരിട്ടി ഗവ.എച്ച്.എസ്.എസിലെ വിദ്യാർത്ഥി അതുൽ ജോസ് പറഞ്ഞു.
'എല്ലാ തലത്തിലുമുള്ള വിദ്യാർത്ഥികളെ പരിഗണിക്കുന്നതാണ് ചോദ്യങ്ങൾ. ശരാശരിക്കാർക്കും നല്ല മാർക്ക് നേടാനാകും'.
- ലീന ടി.ആർ
ഇംഗ്ലീഷ് അദ്ധ്യാപിക,
ഗവ.എച്ച്.എസ്.എസ് ദേവികുളം