കിളിമാനൂർ: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കിളിമാനൂർ പഞ്ചായത്ത് ഒഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറക്കാൻ തീരുമാനം. പഞ്ചായത്തംഗങ്ങളായ പോങ്ങനാട് രാധാകൃഷ്ണൻ, ജോഷി, കെ. ലാലു എന്നിവരുടെ നേതൃത്വത്തിലാകും കൺട്രോൾ റൂം പ്രവർത്തനം. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ മേൽനോട്ടം വഹിക്കും. കൊവിഡ് പോസിറ്റീവ് രോഗികൾക്ക് നിലവിൽ ആവശ്യമെങ്കിൽ വീടുകളി ൽ ഭക്ഷണമെത്തിക്കും. അടിയന്തിര വൈദ്യസഹായം, ആംബുലൻസ് സഹായം എന്നിവയും സജീകരിക്കും. ആശാ വർക്കർമാരുടെ മറ്റും നേതൃത്വത്തിൽ അത്യാവശ്യമെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങളും വീട്ടിലെത്തിക്കാനും തീരുമാനമായി. പഞ്ചായത്തംഗങ്ങളുടെ മേൽനോട്ടത്തിൽ ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, യുവജനങ്ങൾ, ക്ലബുകൾ എന്നിവരുടെ സഹകരണത്തോടെ കൊവിഡ് പ്രതിരോധത്തിനായി വാർഡ് കമ്മിറ്റികൾ രൂപീകരിക്കാനും തീരുമാനിച്ചു. പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ മൈക്ക് അനൗൺസ്മെൻറ് നടത്തും. കച്ചവട സ്ഥാപനങ്ങളിലും, ഓഫീസുകളിലും ആൾക്കൂട്ടമില്ലെന്ന് ഉറപ്പുവരുത്തും. ഇതിനായി പൊലീസിന്റെ സഹായവും തേടും. സോഷ്യൽ മീഡിയ പരമാവധി പ്രയോജനപ്പെടുത്താനും തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് പറഞ്ഞു.