dog

കിളിമാനൂർ: ഒരിടവേളയ്ക്ക് ശേഷം തേക്കിൻകാട്ടിൽ വീണ്ടും പേപ്പട്ടിയുടെ ആക്രമണം. പേപ്പട്ടിയുടെ കടിയേറ്റ് രണ്ടുപേർക്ക് പരിക്കേറ്റു, ഒരാളുടെ പരിക്ക് ഗുരുതരമാണ്. തേക്കിൻകാട് കമുകറകോണം സുമാനിവാസിൽ ശശികുമാർ(62), തേക്കിൻകാട് യമുന മന്ദിരത്തിൽ ഷാജി (57) എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ തേക്കിൻകാടിന് സമീപം കമുകറകോണത്തായിരുന്നു സംഭവം. ശശികുമാർ ചെറുമകളുമായി പാലുവാങ്ങാനായി നിൽക്കുമ്പോൾ നായ ഓടിവന്ന് കടിക്കുകയായിരുന്നു. കാൽപാദത്തിൽ കടിച്ച് പിടിച്ച് നിന്ന നായയെ ഇയാളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ അടിച്ചോടിക്കുകയായിരുന്നു. കാൽപാദമാസകലം ​ഗുരുതര പരിക്കേറ്റ ശശികുമാറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അരമണിക്കൂറിന് ശേഷം തിരികെ എത്തിയ നായ അവിടെ ഉണ്ടായിരുന്ന ഷാജിയുടെ കൈയിലും കടിക്കുകയായിരുന്നു. നാലുമാസങ്ങൾക്ക് മുൻപ് പ്രദേശത്ത് പേപ്പട്ടിയുടെ ക​ടിയേറ്റ് ആറ് പേർക്കും ഏതാനും വളർത്തുമൃ​ഗങ്ങൾക്കും പരിക്കേറ്റിരുന്നു.