പോത്തൻകോട്: ഇന്റർനെറ്റ് തകരാറിനെ തുടർന്ന് മുരുക്കുംപുഴ സബ് രജിസ്ട്രാർ ഓഫീസിന്റെ പ്രവർത്തനം നിലച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പകരം സംവിധാനം ഒരുക്കാതെ അധികൃതർ ഒളിച്ചുകളിക്കുന്നതായി നാട്ടുകാരുടെ പരാതി. ആധാരം രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ നിലച്ചതോടെ ജനങ്ങൾ ദുരിതത്തിലാണ്.
ഇക്കഴിഞ്ഞ 15ന് ഉച്ചയോടെയാണ് ഓഫീസിലെ ഇന്റർനെറ്റ് സംവിധാനം തകരാറിലായത്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി റോഡിൽ കുഴിയെടുക്കുന്നതിനിടെ ഇന്റർനെറ്റ് കണക്ഷന്റെ കേബിൾ മുറിഞ്ഞതാണ് പ്രശ്‌നത്തിന് കാരണം. എന്നാൽ ഏതുഭാഗത്തെ കേബിളാണ് പൊട്ടിയതെന്ന് ഇത്ര ദിവസമായിട്ടും ബി.എസ്.എൻ.എൽ അധികൃതർക്ക് കണ്ടെത്താനായില്ല.
പ്രമാണം, ഭാഗപത്രം തുടങ്ങിയവയുടെ രജിസ്‌ട്രേഷൻ മുതൽ ബാദ്ധ്യതാ സർട്ടിഫിക്കറ്റിന് വരെ അപേക്ഷ നൽകി കാത്തിരിക്കുന്ന ജനങ്ങൾ എന്തുചെയ്യുമെന്ന് അറിയാതെ വിഷമിക്കുകയാണ്. പ്രവർത്തനം എന്ന് പുനരാരംഭിക്കുമെന്ന് കൃത്യമായ ഉറപ്പും ഉദ്യോഗസ്ഥർ നൽകുന്നില്ല. വളരെ അത്യാവശ്യമുള്ള ഫയലുകൾ ചിറയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് വഴിയാണ് ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നത്. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും അനുകൂല നടപടിയുണ്ടായില്ലെന്ന് ജീവനക്കാർ പറയുന്നു.