കൊച്ചി: കേരള വഖഫ് ബോർഡിലെ സി.ഇ.ഒ നിയമനവുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിലെ തുടർ നടപടികൾ ഹൈക്കോടതി രണ്ടു മാസത്തേക്ക് തടഞ്ഞു. നടപടിക്രമങ്ങളോ വ്യവസ്ഥകളോ പാലിക്കാതെയുള്ള വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വഖഫ് ബോർഡ് അംഗങ്ങളായ പി.വി. അബ്ദുൾ വഹാബ്, പി. ഉബൈദുള്ള, എം.സി മായിൻഹാജി തുടങ്ങിയവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുൺ, ജസ്റ്റിസ് മുരളീ പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹർജി മദ്ധ്യവേനലവധിക്കുശേഷം വീണ്ടും പരിഗണിക്കും.
അംഗങ്ങൾക്ക് നോട്ടീസ് നൽകി ഏപ്രിൽ ഏഴ്, എട്ട്, 12 തീയതികളിലായി വഖഫ് ബോർഡ് യോഗം ചേർന്നിരുന്നു. സി.ഇ.ഒ നിയമനവുമായി ബന്ധപ്പെട്ട വിഷയം മൂന്നു യോഗങ്ങളുടെയും അജൻഡയിലുണ്ടായിരുന്നില്ല. ഹാജരായ അംഗങ്ങൾ അനുവദിച്ചാൽ അജൻഡയിലില്ലാത്ത വിഷയം പരിഗണിക്കാമെന്ന് വഖഫ് ആക്ടിൽ വ്യവസ്ഥയുണ്ടെങ്കിലും മൂന്നു യോഗങ്ങളിലും സി.ഇ.ഒ നിയമനം ചർച്ച ചെയ്തില്ലെന്ന് ഹർജിക്കാർ ആരോപിക്കുന്നു. എന്നാൽ സി.ഇ.ഒ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം ഏപ്രിൽ 12 ന് പ്രസിദ്ധീകരിച്ചു.