covid

കൊവിഡ് ഇന്നലെ 2,283 പേർക്ക്

 രോഗമുക്തി 490

 ചികിത്സയിലുള്ളവർ 10,825

നിരീക്ഷണത്തിലുളളവർ 38,043

തിരുവനന്തപുരം : കൊവിഡ് രണ്ടാംതരംഗം സംസ്ഥാനത്ത് ശക്തിപ്രാപിച്ചതോടെ തലസ്ഥാനത്ത് രോഗികളുടെ എണ്ണം രണ്ടായിരം കവിഞ്ഞു. ഇന്നലെ 2,283 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആയിരം കടന്ന് ഭയപ്പെടുത്തിയ കൊവിഡ് ഇന്നലെ രണ്ടായിരം കവിഞ്ഞതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പതിനായിരം കടന്നു. 10,825 പേരാണ് ചികിത്സയിലുള്ളത്. ഇതോടെ പ്രതിരോധ പ്രവർത്തനങ്ങളും ദുഷ്കരമാവുകയാണ്. രോഗികൾ ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ ജില്ലയെ രണ്ടു സെക്ടറുകളായി തിരിച്ച് ഓക്‌സിജൻ സൗകര്യമുള്ള ആംബുലൻസുകൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തി.അതേസമയം ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1,916 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 11 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 490 പേർ രോഗമുക്തി നേടി. 3,792 പേരെക്കൂടി നിരീക്ഷണത്തിലാക്കി. നിലവിൽ 38,043 പേരാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം ജില്ലയിൽ രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യറാക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിൽ പാർപ്പിക്കാനും കൂടുതൽ സംവിധാനമൊരുക്കി. അടിയന്തര സാഹചര്യം പരിഗണിച്ച് റാപ്പിഡ് റെസ്‌പോൺസ് ടീമിനെ സഹായിക്കാൻ അദ്ധ്യാപരെയും രംഗത്തിറക്കി.കോർപ്പറേഷന്റെ ഒരു വാർഡിൽ അഞ്ച് അദ്ധ്യാപകരെയും മുനിസിപ്പൽ ഡിവിഷനുകളിൽ രണ്ടും പഞ്ചായത്ത് വാർഡിൽ ഒന്നും അദ്ധ്യാപകർ വീതവും രംഗത്തുണ്ട്.

ഓൺലൈനിലൂടെ മാത്രം

വ‌ാക്‌സിൻ എടുക്കാൻ ഓൺലൈൻ രജിസ്‌ട്രേഷൻ കർശനമാക്കണമെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ഇന്നും നാളെയും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള സ്ഥാപനങ്ങളിൽ മാത്രമേ കൊവിഡ് പ്രതിരോധ കുത്തിവയ്പ് നൽകുകയുള്ളൂ. ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വെള്ളിയും ശനിയും കൊവാക്‌സിൻ കുത്തിവയ്പ് നൽകും.മറ്റുള്ള സ്ഥാപനങ്ങളിൽ കൊവിഷീൽഡ് വാക്‌സിൻ ആയിരിക്കും നൽകുക. ഞായറാഴ്ച കൊവിഡ് പ്രതിരോധ കുത്തിവയ്പ് ഉണ്ടായിരിക്കില്ല.തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ കൊവാക്‌സിൻ ആദ്യ ഡോസും വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കൊവാക്‌സിൻ രണ്ടാം ഡോസും നൽകും.താലൂക്ക് ആശുപത്രികളിലും ജിമ്മി ജോർജ് സ്റ്റേഡിയത്തിലും തിങ്കൾ മുതൽ ശനി വരെ കൊവിഷീൽഡ് വാക്‌സിൻ രണ്ടാം ഡോസ് മാത്രമേ നൽകുകയുള്ളൂ. മറ്റ് മേജർ ആശുപത്രികളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തി എത്തുന്നവർക്ക് കൊവീഷീൽഡ് ആദ്യ ഡോസും രണ്ടാം ഡോസും നൽകുമെന്ന് കളക്ടർ അറിയിച്ചു.