തൃക്കാക്കര: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ആശുപത്രികളിൽ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾ താത്കാലികമായി നീട്ടിവെക്കും. കൂടാതെ പി.എച്ച്.സികളിലെ ഉച്ചയ്ക്ക് ശേഷമുള്ള ഒ.പി സേവനവും താത്കാലികമായി നിർത്തിവെക്കും. ഈ ഡോക്ടർമാരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പുനർ വിന്യസിക്കും. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെന്ന് യോഗം വിലയിരുത്തി. 48 പഞ്ചായത്തുകളിൽ 25 ശതമാനത്തിലധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വരാപ്പുഴയിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും ഉയർന്ന നിലയിലുള്ളത്, 45%.
കൊച്ചി കോർപ്പറേഷനിലെ 65, 69 വാർഡുകൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കും. നഗരത്തിലേക്കുള്ള റോഡുകൾ കടന്നു പോകുന്നതിനാൽ ഈ പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണുകളാക്കാതെ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ആക്കി നിലനിർത്തും. കർശന പരിശോധന ഈ പ്രദേശങ്ങളിലുണ്ടാകും. കണ്ടെയ്ൻമെന്റ് സോണുകളിൽ ജിനേഷ്യം പ്രവർത്തിക്കാൻ അനുമതിയുണ്ടായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു. പാർക്കുകളിൽ പ്രഭാത സവാരി നടത്താമെങ്കിലും പാർക്കിൽ വന്നിരിക്കാനോ കൂട്ടം ചേരാനോ അനുവദിക്കില്ല.സർക്കാർ തലത്തിലുള്ള പരിശോധനകളിൽ 75% വും ആർ.ടി.പി.സി.ആർ ആയിരിക്കണമെന്ന് ഉറപ്പാക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. മെഡിക്കൽ കോളേജിൽ 120 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ അടുത്ത ദിവസം മുതൽ രോഗികളെ പ്രവേശിപ്പിക്കാൻ കഴിയും. ജില്ലയിലെ വാക്‌സിൻ വിതരണത്തിന് കൃത്യമായ ക്രമീകരണങ്ങൾ ഉടൻ ഏർപ്പെടുത്തും.കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സിറ്റി പൊലീസ് കമ്മീഷണർ എച്ച്. നാഗരാജു, ആലുവ റൂറൽ എസ്.പി കെ. കാർത്തിക്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, ഡി.എം.ഒ. ഡോ.എൻ.കെ. കുട്ടപ്പൻ, ജില്ലാ സർവെയ്‌ലൻസ് ഓഫീസർ ഡോ.എസ്. ശ്രീദേവി, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.