കിളിമാനൂർ: കിളിമാനൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്തംഗങ്ങൾ, മേഖലയിൽ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തംഗംങ്ങൾ, ജില്ലാ പഞ്ചായത്തംഗം എന്നിവരുടെ യോഗം ചേർന്നു. പഞ്ചായത്തിലെ അടുത്തടുത്തുള്ള രണ്ട് വാർഡുകൾ കണ്ടയിൻമെന്റ് സോണായ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് അദ്ധ്യക്ഷനായ യോഗം വിലയിരുത്തി. പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറക്കും, പഞ്ചായത്തംഗങ്ങളായ പോങ്ങനാട് രാധാകൃഷ്ണൻ, ജോഷി, കെ. ലാലു എന്നിവരുടെ നേതൃത്വത്തിലാകും കൺട്രോൾ റൂം പ്രവർത്തനം. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ മേൽ നോട്ടം വഹിക്കും.

പഞ്ചായത്തിലെ ചൂട്ടയിൽ, കൊട്ടാരം വാർഡുകൾ നിലവിൽ കണ്ടയിൻമെന്റ് സോണുകളാണ്. കൊട്ടാരം വാർഡിനോട് ചേർന്നുള്ള ഒൻപതാം വാർഡിലെ കണ്ണങ്കര കോണം കോളനിയിൽ ഇരുപതോളം പേർക്ക് കൊവിഡ് സ്ഥിതീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധന ഫലം ഏറെ നിർണ്ണായകമാണ്.

ആളുകൾ ഏറെ തിങ്ങിക്കൂടുന്ന പുതിയകാവ് മാർക്കറ്റിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർക്ക് പഞ്ചായത്ത് കത്ത് നൽകി.