migrant

പെരുമ്പാവൂർ: പെരുമ്പാവൂർ മേഖലയിൽ ആശങ്കാവഹമായി കൊവിഡ് പടർന്ന് പിടിക്കുന്നുണ്ടെങ്കിലും അന്യസംസ്ഥാന തൊഴിലാളികൾക്ക് രോഗം കാര്യമായി ബാധിക്കാത്തത് ആരോഗ്യപ്രവർത്തകർക്ക് ആശ്വാസമാകുന്നു. ആദ്യഘട്ടത്തിൽ കൊവിഡ് പടരുമ്പോഴും അന്യസംസ്ഥാന തൊഴിലാളികൾക്ക് യാതൊരു കൂസലുമില്ലായിരുന്നു. മാസ്‌ക്കുകൾ ഉപയോഗിക്കുക, കൈകൾ സോപ്പിട്ട് കഴുകുക, കൂട്ടം കൂടിയിരിക്കുക തുടങ്ങിയ മുന്നറിയിപ്പുകൾക്ക് വില കൽപ്പിക്കാതെയായിരുന്നു പെരുമാറ്റം. തുടർന്ന് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ആശങ്കയിലായിരുന്നു. കൂട്ടംകൂടി ജീവിക്കുന്ന രീതിയിലായതിനാൽ ഇവർക്കിടയിൽ വലിയ തോതിൽ കൊവിഡ് പടരുമെന്നായിരുന്നു ധാരണ.

കഴിഞ്ഞ തവണത്തേക്കാൾ ഇക്കുറി അന്യസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും അവരവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോയിക്കൊണ്ടിരിക്കുകയാണ്. കൂടാതെ ഭായി കോളനി പോലെ വലിയ രീതിയിലുളള കോളനികൾ കഴിഞ്ഞ വട്ടം ജില്ലാഭരണകൂടം ഒഴിപ്പിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. നിലവിൽ പ്ലൈവുഡ് കമ്പനി പോലെയുളള വ്യവസായശാലകളിൽ ഉടമകൾ തന്നെ താമസസ്ഥലവും മറ്റും നൽകിയിരിക്കുന്നവരാണ് പെരുമ്പാവൂർ മേഖലയിൽ തങ്ങുന്നത്. അതിനാൽ മുൻകരുതലുകളും സർക്കാർ നിയന്ത്രണങ്ങളും പാലിക്കപ്പെടുന്നതും ഇവരുടെ മേഖലയിലേക്ക് കൊവിഡ് പകരാതിരിക്കാൻ കാരണമായി. ചില സന്നദ്ധസംഘടനകൾ അതിഥി തൊഴിലാളികൾക്ക് ബോധവത്കരണവും കൊവിഡ് പ്രാഥമിക പരിശോധനയും നടത്തുന്നുണ്ട്. ആശുപത്രികളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും പൊതുവെ അന്യസംസ്ഥാന തൊഴിലാളികൾ വളരെ കുറവ് പേർ മാത്രമാണ് എത്തുന്നത്. പെരുമ്പാവൂർ മേഖലയിൽ പതിനായിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ഉളളത്. അതുകൊണ്ട് തന്നെ തദ്ദേശീയർക്ക് നൽകുന്നത് പോലെയുളള ബോധവത്കരണവും സുരക്ഷാമുന്നൊരുക്കങ്ങളും ആവശ്യത്തിന് രോഗപരിശോധനയും ഇവർക്ക് ഏർപ്പെടുത്തിയാൽ കൂടുതൽ പടരാതെ കൊവിഡിനെ പിടിച്ചു നിർത്താനാകുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ കണക്കുകൂട്ടൽ. സർക്കാർ ഇവർക്കുളള പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും മിക്കയിടങ്ങളിലും ഇവരെ അവഗണിക്കുന്നതായാണ് കാണുന്നത്. അതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.