camp

മുക്കം: കൊവിഡ് പരിശോധനയ്ക്കും പ്രതിരോധ കുത്തിവയ്‌പ്പിനും മെഗാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനെതിരെ പൊലീസിൽ പരാതി. ജനങ്ങളെ ആശങ്കാകുലരാക്കി കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞുവീശിക്കൊണ്ടിരിക്കുമ്പോളും കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെയും തിരക്ക് നിയന്ത്രിക്കാൻ സംവിധാനമൊരുക്കാതെയും മെഗാ ക്വാമ്പുകൾ സംഘടിപ്പിക്കുന്നതിനെതിരെയാണ് പരാതി.

നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചും തികച്ചും അശാസ്ത്രീയമായും നടത്തുന്ന ഇത്തരം ക്യാമ്പുകൾ രോഗവ്യാപന സാദ്ധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി അംഗവും പൊതു പ്രവർത്തകനുമായ ദാമോദരൻ കോഴഞ്ചേരി മുക്കം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നിക്ഷിപ്ത താത്പര്യക്കാരായ ചില ഉദ്യോഗസ്ഥർ ദുരുദ്ദേശ്യത്തോടെയാണ് ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്നും പൊതുജനാരോഗ്യ സംരക്ഷണത്തിന് ചുമതലയുള്ള മുൻസിപ്പാലിറ്റികളും നഗരസഭകളും ഈ നിയമ വിരുദ്ധ പ്രവർത്തനത്തിന് കൂട്ടുനിൽക്കുകയാണ് ചെയ്യുന്നതെന്നും പരാതിക്കാരൻ കുറ്റപെടുത്തുന്നു.

അപകട സാദ്ധ്യത ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി സ്വീകരിക്കാത്ത മുക്കം നഗരസഭ സെക്രട്ടറിയുടെ പേരിൽ ദുരന്തനിവാരണ ഓർഡിനൻസിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യമുണ്ട്. മുക്കം നഗരസഭയിൽ കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ച്ചയുമായി
10 മെഗാ ക്യാമ്പുകളാണ് വിവിധ കേന്ദ്രങ്ങളിൽ നടത്തിയത്. 4200ൽ പരമാളുകൾ ഈ ക്യാമ്പുകളിൽ നിന്ന് കുത്തി വയ്‌പെടുക്കുകയും ചെയ്തു. ക്യാമ്പുകളിൽ അകലം പാലിച്ചു നിൽക്കാനുള്ള സൗകര്യവും തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനവും ഇല്ലാത്തതിനാൽ കൂട്ടം കൂടി നിന്നാണ് ആളുകൾ റജിസ്‌ട്രേഷൻ നടത്തിയതും വാക്‌സിനേഷനെടുത്തതും. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും പോലും ആളുകൾ കൂട്ടം കൂടരുതെന്ന് കർശന നിർദേശമുള്ളപ്പോളാണ് എഴുനൂറും എണ്ണൂറുമാളുകൾ ക്യാമ്പുകളിൽ തടിച്ചുകൂടുന്നത്.
സ്ഥലസൗകര്യം കുറഞ്ഞ മുക്കം സി.എച്ച്.സിയിലാവട്ടെ പതിവ് ഒ.പി പരിശോധനയും ചികിത്സയും നടക്കുന്നതിനോട് ചേർന്ന് തന്നെയാണ് കൊവിഡ് പരിശോധനയും വാക്‌സിനേഷൻ ക്യാമ്പും നടത്തുന്നത്. കൊവിഡ് ബാധിതരും രോഗികളുടെ സമ്പർക്കത്തിൽ പെട്ടവരും മറ്റു രോഗങ്ങൾക്കു ചികിത്സ തേടി എത്തുന്നവരും എല്ലാം കൂടി ഇടകലർന്ന് കൂട്ടം കൂടി നിൽക്കേണ്ടി വരുന്ന അവസ്ഥയാണിവിടെ. മൂന്നു ദിവസത്തിനിടെ 116 പേർക്ക് കൊവിഡ് സ്ഥിരികരിച്ച മുക്കത്ത് രോഗവ്യാപന സാദ്ധ്യത മുൻകൂട്ടി കണ്ട് വാക്‌സിനേഷനും കൊവിഡ് പരിശോധനയും മറേറതെങ്കിലും സൗകര്യപ്രദമായ കേന്ദ്രങ്ങളിലേയ്ക്ക് മാററണമെന്ന ആവശ്യവുമുണ്ട്.