guruvayur

ഗുരുവായൂർ ക്ഷേത്രത്തിലെ ദേവസ്വം ബോർഡിന്റെ ജാതി വിവേചനം മാദ്ധ്യമങ്ങളിലൂടെ വായിക്കാനിടയായി. പഞ്ചവാദ്യം, തായമ്പക എന്നീ കലകളിൽ കലാകാരന്മാരെ തിരഞ്ഞെടുക്കുമ്പോൾ ജാതി പരിഗണിക്കുന്നു എന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിവരക്കേടാണ്. കലകൾക്ക് ജാതിയില്ല. യഥാർത്ഥ കലാകാരന്മാർക്കും ഗുരുവായൂർ ക്ഷേത്രത്തിനകത്ത് നടക്കുന്ന വാദ്യമേളങ്ങളിൽ ഈഴവാദി പിന്നാക്ക വിഭാഗങ്ങൾക്ക് പ്രവേശനമില്ല. ഇതിനെതിരെ പരാതികൾ കൊടുത്തിട്ടും ബോർഡ് അനങ്ങുന്നില്ല.

ഗുരുവായൂരിലെ ദേവസ്വം ബോർഡ് മേൽജാതി ബോർഡാണോ? എങ്കിൽ ക്ഷേത്രപ്രവേശനം മേൽജാതിക്കാർക്കു മാത്രമെന്ന ബോർഡ് തൂക്കണം.

ക്ഷേത്രങ്ങളിൽ ദേവസ്വം ബോർഡിന്റെ ആവശ്യമില്ല. അത് വിശ്വാസികൾക്ക് കൈമാറണം. സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്ന് പ്രതീക്ഷിക്കുന്നു.

വിദ്യാധരൻ

കരുമാല്ലൂർ

വ്യാജ സന്ദേശങ്ങൾ ആപത്ത്

കൊവിഡ് മഹാമാരിയേക്കാൾ ഭയക്കേണ്ടത് സോഷ്യൽ മീഡിയയിൽ കൊവിഡിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളെയാണ്. വാട്ട്സാപ്പിലൂടെയും മറ്റും എത്തുന്ന,​ വാസ്തവത്തിന്റെ അംശം തീരെയില്ലാത്ത ഇത്തരം വ്യാജ സന്ദേശങ്ങൾ വിശ്വസിച്ച് ഭയചകിതരാകുന്നവരും സ്വയം ചികിത്സിക്കുന്നവരും നിരവധിയുണ്ട്. ഇത്തരം വ്യാജസന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുന്ന സ്ഥിതി വന്നാലേ ഈ രീതിയ്‌ക്ക് മാറ്റമുണ്ടാകൂ.

നമ്മുടെ നാട് ഒരു പ്രതിസന്ധിയെ നേരിടുമ്പോൾ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തുരങ്കം വയ്‌ക്കാനും ആളുകളുടെ മാനസികാരോഗ്യം തകർക്കാനും മാത്രമേ ഇത്തരം വ്യാജ സന്ദേശങ്ങൾ ഉപകരിക്കൂ. അതിനാൽ ഇവയുടെ പ്രചാരം കർശനമായി നിയന്ത്രിക്കണം.

ആർ. ജിഷി
കൂട്ടിക്കട ,കൊല്ലം