നെയ്യാറ്റിൻകര: പുണ്യങ്ങളുടെ പൂക്കാലമായ റമസാൻ പിറന്നതോടെ നോമ്പുതുറയ്ക്കുള്ള പ്രധാന വിഭവങ്ങളും വേറിട്ട പലഹാരങ്ങളുമായി വിപണികൾ സജീവമായി. ഇസ്ലാം മത വിശ്വാസികൾ കൂടുതലുള്ള പ്രദേശങ്ങളിലാണ് നോമ്പുതുറ വിഭവങ്ങൾക്കായി താത്കാലിക വിപണനകേന്ദ്രങ്ങൾ തുറന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വില്പന.
നോമ്പ് തുറക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത് ഈന്തപ്പഴവും പഴച്ചാറുകളുമാണ്. നാരങ്ങാവെള്ളം, വിവിധയിനം ജൂസുകൾ, വിവിധയിനം ലഘു പലഹാരങ്ങൾ, ചായ എന്നിവയും ഉപയോഗിക്കാറുണ്ട്.
പകൽ മുഴുവൻ ഉപവാസമിരിക്കുന്നതിനാൽ നോമ്പുതുറയ്ക്ക് എണ്ണ പലഹാരങ്ങളെക്കാൾ ആവിയിൽ വേവിക്കുന്ന വിഭവങ്ങളോടാണ് നോമ്പുകാർക്ക് പ്രിയം. മുട്ടസുർക്ക, വിവിധയിനം ബജികൾ, സമൂസ, മീറ്റ് റോൾ, കട്ലെറ്റ്, എഗ് കബാബ്, ചിക്കൻ കബാബ് എന്നിവയോടൊപ്പം ആവിയിൽ വേവുന്ന കലത്തപ്പം, കിണ്ണത്തപ്പം, ഇലയപ്പം എന്നിവയ്ക്കും വൻ ഡിമാന്റാണ് വിപണിയിൽ. നോമ്പുകാലമായതിനാൽ കട്ലെറ്റും സമൂസയും കൂടുതലായി വിറ്റുപോകുന്നതായി കച്ചവടക്കാർ പറഞ്ഞു.
പള്ളികളിൽ സംഘടിപ്പിച്ചിട്ടുള്ള സമൂഹ നോമ്പുതുറകളിൽ പ്രത്യേകം ചേരുവകൾ കൊണ്ട് തയ്യാറാക്കിയ നോമ്പുകഞ്ഞിയും ഇറച്ചി വിഭവങ്ങളും കപ്പയും പ്രധാന വിഭവങ്ങളാണ്. കൊവിഡ് കാലമായതിനാൽ സമൂഹ നോമ്പുതുറകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നോമ്പു കഞ്ഞി വീടുകളിലെത്തിക്കുന്നതിനാണ് കൂടുതൽ മുൻഗണനയെന്ന് ജമാഅത്ത് ഭാരവാഹികൾ പറഞ്ഞു.