രോഗമകറ്റാൻ മരുന്ന് അനിവാര്യമാണ്. എന്നാൽ, ചിലർക്ക് ചില മരുന്നുകൾ യോജിക്കണമെന്നില്ല. അതുകൂടി പരിഗണിച്ചാണ് ഡോക്ടർമാർ മരുന്നുകൾ നിർദ്ദേശിക്കുന്നത്. കൃത്യമായി മരുന്ന് 'ഫിക്സ്' ചെയ്യാൻ വേണ്ടിയാണ് രോഗികളോട് 'അതുണ്ടോ?', 'ഇതില്ലല്ലോ?' എന്നൊക്കെ ഡോക്ടർമാർ വിശദമായി ചോദിച്ചറിയുന്നത്. ഇത്തരം അന്വേഷണങ്ങളുടെ അവസാനം കൃത്യമായ മരുന്ന് നിശ്ചയിച്ചാലും ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ കാരണം പിന്നീട് അവ ഒഴിവാക്കേണ്ടിവന്നേക്കാം.
പാർശ്വഫലങ്ങൾ മനസ്സിലാക്കിവയ്ക്കുന്നത് നല്ലതാണ്. കാരണം, അവ തിരിച്ചറിയാൻ സാധിച്ചാൽ യഥാസമയം ഡോക്ടറോട് കഴിക്കുന്ന മരുന്നിനെക്കുറിച്ചും അത് കാരണമുള്ള പ്രയാസത്തെക്കുറിച്ചും ബോദ്ധ്യപ്പെടുത്താനും തുടർന്ന് പാർശ്വഫലം കുറവുള്ള മരുന്നിലേക്ക് മാറാനും സാധിക്കും.
ഗ്യാസ്, ഏമ്പക്കം, പാദത്തിലും കാൽക്കുഴയിലും കൈകളിലും നീര്, മലബന്ധം, വയറിളക്കം തുടങ്ങിയവ അസിഡിറ്റിക്ക് വേണ്ടി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങളാണ്. അവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുവിനനുസരിച്ച് ലക്ഷണങ്ങൾക്ക് മാറ്റം വരാമെന്ന് മാത്രം. ഇതേ മരുന്ന് തുടർന്ന് ഉപയോഗിക്കുന്ന ഒരാൾ ഇതുകാരണമുള്ള ബുദ്ധിമുട്ട് മാറാനായി മറ്റൊരു മരുന്നിലേക്ക് മാറുന്നതു കൊണ്ട് ശരിയായ പ്രയോജനം കിട്ടണമെന്നില്ലെന്ന് സാരം.
കൊളസ്ട്രോളിനുള്ള സ്റ്റാറ്റിൻ മരുന്നുകൾ കഴിക്കുന്നവർക്ക് തലവേദന, സുഖക്കുറവ്, മന്ദത, സാധാരണയിൽ കവിഞ്ഞ ക്ഷീണം, ശരീര ബലക്കുറവ്, മലബന്ധം, വയറിളക്കം, ദഹനക്കേട്, ഗ്യാസ്, പേശിവേദന, ഉറക്കം സംബന്ധിച്ച ബുദ്ധിമുട്ടുകൾ, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്.
വേദനാസംഹാരികൾ കഴിക്കുന്നവർക്ക് ഓക്കാനം, തളർച്ച, തലകറക്കം, ചൊറിച്ചിൽ, അമിത വിയർപ്പ്, വിഷാദം, രോഗപ്രതിരോധശേഷി കുറയുക, വീണ്ടും മരുന്ന് കഴിച്ചില്ലെങ്കിൽ സുഖക്കുറവ് തോന്നുക, ആവശ്യമില്ലാത്തപ്പോഴും ഇടയ്ക്ക് മരുന്ന് കഴിക്കണമെന്ന തോന്നൽ എന്നിവയാണ് പാർശ്വഫലങ്ങൾ.
രക്തസമ്മർദ്ദം കുറയ്ക്കാനായി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങളായി ചുമ, വയറിളക്കം, മലബന്ധം, തലയ്ക്ക് മന്ദത, ഉദ്ധാരണശേഷിക്കുറവ്, ദേഷ്യം, ക്ഷീണം, തളർച്ച, ഉന്മേഷക്കുറവ്, തലവേദന, ഓക്കാനം, ഛർദ്ദി,ത്വക് രോഗങ്ങൾ, വണ്ണം കൂടുകയോ കുറയുകയോ ചെയ്യുക എന്നിവയാണ് കാണുന്നത്.
പ്രമേഹരോഗത്തിന് കഴിക്കുന്ന മരുന്ന് കാരണം ഷുഗർ തീരെ കുറയുക എന്നതാണ് പ്രധാന പാർശ്വഫലമായി കാണുന്നത്. തലവേദന, ഓക്കാനം,തലകറക്കം, വണ്ണം കുറയുക, വണ്ണം കൂടുക എന്നിവയാണ് മറ്റുള്ള പാർശ്വഫലങ്ങൾ.
ആസ്ത്മയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ കാരണം വയറുവേദന, അമിതദാഹം, തലവേദന, ഓക്കാനം, ഛർദ്ദി, ദഹനപ്രശ്നങ്ങൾ,വയറിളക്കം, നെഞ്ചിടിപ്പ്, ഉറക്കക്കുറവ് എന്നിവയുണ്ടാകാം.
തൈറോയ്ഡിനുള്ള മരുന്നുകളുടെ പാർശ്വഫലങ്ങളായി ചൊറിച്ചിൽ, ത്വക് രോഗങ്ങൾ, അമിതമായ മുടി കൊഴിച്ചിൽ, പനി, ഓക്കാനം,വീക്കം, നെഞ്ചരിച്ചിൽ, പേശിവേദന, സന്ധിവേദന, പെരുപ്പ്, തലവേദന എന്നിവയും കാണാം.
ഇത്തരം മരുന്നുകൾ കഴിക്കുന്നത് വലിയ അപകടമാണ് എന്നല്ല ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. കാരണം, വളരെ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് ഇത്തരം പാർശ്വഫലങ്ങൾ ഉണ്ടാകുന്നത്. എന്നാൽ, ഏതെങ്കിലും മരുന്ന് കഴിച്ചതിനെ തുടർന്നാണ് പതിവില്ലാത്ത ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതെങ്കിൽ അവ ചികിത്സകന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത് രോഗിയുടെ ചുമതലയാണ്. അതിനനുസരിച്ച മാറ്റങ്ങൾ ചികിത്സകൻ നിർദ്ദേശിക്കും.
പാർശ്വഫലങ്ങൾ കാരണം ഒരുവിധത്തിലും മരുന്ന് തുടരാൻ സാധിക്കാത്തവരുണ്ടെങ്കിൽ നിലവിലെ മരുന്ന് മാറ്റി മറ്റു മരുന്നുകളിലേക്ക് മാറുന്നതിന് ചികിത്സകരുടെ ഉപദേശം തേടാവുന്നതാണ്.