
കണ്ണൻ താമരക്കുളത്തിന്റെ വിരുന്ന് പീരുമേട്ടിൽ
തമിഴകത്തിന്റെ ആക്ഷൻ കിംഗ് അർജുൻ വീണ്ടും മലയാളത്തിലെത്തുന്നു. കണ്ണൂർ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്നിലൂടെയാണ് മലയാളത്തിലേക്കുള്ള അർജുന്റെ തിരിച്ചുവരവ്.
ദിലീപിനോടൊപ്പമഭിനയിച്ച ജാക്ക് ആൻഡ് ഡാനിയേലാണ് അർജുന്റേതായി ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം. പ്രിയദർശൻ - മോഹൻലാൽ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും അർജുൻ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മേയ് മൂന്നിന് പീരുമേട്ടിൽ ചിത്രീകരണമാരംഭിക്കുന്ന വിരുന്നിന്റെ മറ്റൊരു ലൊക്കേഷൻ തിരുവനന്തപുരമാണ്.
മുകേഷ്, ബൈജു സന്തോഷ്, അജു വർഗീസ്, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പേരടി, ആശാ ശരത്ത്, സുധീർ, മനുരാജ്, കോട്ടയം പ്രദീപ്, ശോഭാ മോഹൻ തുടങ്ങിയ ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന വിരുന്നിലെ നായികയെ തീരുമാനിച്ചിട്ടില്ല.
നെയ്യാർ ഫിലിംസിന്റെ ബാനറിൽ അഡ്വ. ഗിരീഷ് നെയ്യാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ദിനേശ് പള്ളത്താണ്. കൈതപ്രത്തിന്റെയും റഫീഖ് സീലാട്ടിന്റെയും ഗാനങ്ങൾക്ക് രതീഷ് വേഗയും സാനന്ദ് ജോർജും ഈണമിടുന്നു. രവിചന്ദ്രൻ ഛായാഗ്രഹണവും വി.ടി. ശ്രീജിത്ത് ചിത്രസംയോജനവും സഹസ് ബാല കലാസംവിധാനവും നിർവഹിക്കുന്നു. കോസ്റ്റ്യൂം ഡിസൈൻ: അരുൺ മനോഹർ, മേക്കപ്പ് : പ്രദീപ് രംഗൻ, അസോസിയേറ്റ് ഡയറക്ടർ: സുരേഷ് ഇളമ്പൽ, പ്രൊഡക്ഷൻ കൺട്രോളർ : അനിൽ അങ്കമാലി, പ്രോജക്ട് ഡിസൈനർ: ബാദുഷ, പി.ആർ.ഒ : വാഴൂർ ജോസ്.