editorial-

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ നടത്തുന്ന കൂട്ടപ്പരിശോധന അശാസ്ത്രീയമാണെന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തു. കൂട്ടപ്പരിശോധനമൂലം ഫലം വൈകാനിടയാകുമെന്നും ഇത് രോഗ പ്രതിരോധ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. അതിനാൽ രോഗലക്ഷണമുള്ളവരിലേക്കും അവരുമായി സമ്പർക്കത്തിൽ വരുന്ന വിഭാഗങ്ങളിലേക്കും മാത്രം പരിശോധന നിജപ്പെടുത്തണമെന്നാണ് അവർ നിർദ്ദേശിക്കുന്നത്.

സംഘടനയുടെ വിമർശനം മുഖവിലക്കെടുക്കാനാവില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. സാമൂഹ്യ പ്രതിബദ്ധതയാവണം ഇതുപോലൊരു പ്രതിസന്ധി ഘട്ടത്തിൽ ഇത്തരം സംഘടനകൾ കണക്കിലെടുക്കേണ്ടതെന്നും രോഗവ്യാപനം വലിയ തോതിൽ ഉയരുമ്പോൾ രോഗം പെട്ടെന്ന് കണ്ടെത്തി ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇതിൽ ആരുടെ ഭാഗമാണ് ശരി. ഇത് വിശകലനം ചെയ്യുന്നതിന് കൊവിഡ് ബാധയുടെ ആദ്യഘട്ടങ്ങളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടിവരും. മഹാമാരി ലോകമാകെ പടർന്ന ആദ്യകാലത്ത് ലോകാരോഗ്യ സംഘടനയുടെ മുദ്രാവാക്യം ടെസ്റ്റ്, ടെസ്റ്റ്, ടെസ്റ്റ് എന്നതായിരുന്നു. വാക്സിനുകളൊക്കെ ലബോറട്ടറികളിൽ രൂപംകൊള്ളാൻ തുടങ്ങുന്നതിനും മുമ്പായിരുന്നു അത്. ടെസ്റ്റുകൾ വർദ്ധിപ്പിക്കുക, രോഗികളെ കണ്ടെത്തുക, സമൂഹ വ്യാപനത്തിന് ഇടയാക്കാതെ അവരെ ഒഴിവാക്കി നിറുത്തുക ഇതായിരുന്നു ഡബ്ളിയു.എച്ച്.ഒ മുന്നോട്ടുവച്ച പ്രഥമ നിർദ്ദേശം. അക്കാലത്ത് ടെസ്റ്റുകൾ പൊതുവെ കുറവായിരുന്നു. കേരളത്തിലും ഒരു ഘട്ടത്തിൽ രോഗികളുടെ എണ്ണം കുറച്ചുകാട്ടാൻ സർക്കാർ ടെസ്റ്റുകളുടെ എണ്ണം നിയന്ത്രിക്കുകയാണെന്ന ആരോപണം പ്രതിപക്ഷ കക്ഷികൾ ഉയർത്തുകയും ചെയ്തു. ഇതിന്റെ പേരിൽ സർക്കാർ ഏറെ പഴി കേൾക്കുകയുമുണ്ടായി. അന്ന് വിദഗ്ദ്ധ ഡോക്ടർമാരും ടെസ്റ്റുകൾ കൂട്ടണമെന്നാണ് പൊതുവെ ആവശ്യപ്പെട്ടിരുന്നത്. ഇപ്പോൾ സർക്കാരിന്റെ ലക്ഷ്യം പ്രതിദിനം ഒരു ലക്ഷം ടെസ്റ്റുകളെങ്കിലും നടത്തുക എന്നതാണ്. ആദ്യം അതിന് തയ്യാറാകാതിരുന്ന സർക്കാർ ഇപ്പോൾ കൂട്ടപ്പരിശോധന അനിവാര്യമാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞിരിക്കുന്നു. യഥാർത്ഥത്തിൽ ആദ്യം മുതലേ ഇതായിരുന്നു വേണ്ടിയിരുന്നത്. ഇപ്പോൾ സർക്കാരിന് ലഭിച്ചിരിക്കുന്ന വിദഗ്ദ്ധ ഉപദേശം കൂട്ടപ്പരിശോധന നടത്തി പരമാവധി രോഗികളെ കണ്ടെത്തണമെന്നതാണ്. ലക്ഷണമുള്ളവരെ മാത്രം പരിശോധിച്ചാൽ പോരാ. കാരണം ലക്ഷണമില്ലാത്ത രോഗി ഇറങ്ങി നടന്ന് രോഗം പരത്തിക്കൊണ്ടിരിക്കും. അങ്ങനെ വരുമ്പോൾ ബ്രേക്ക് ദി ചെയിൻ ഒരിക്കലും സാദ്ധ്യമാകില്ല. അതിനാൽ കൂട്ടപ്പരിശോധന അനിവാര്യമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായമാണ് ജനങ്ങൾ ശരിവയ്ക്കേണ്ടത്. ഒപ്പം ആരോഗ്യ പ്രവർത്തകരുടെ സേവനം വിലകുറച്ച് കാണാനും പാടില്ല. കൂട്ടപ്പരിശോധന നടക്കുമ്പോൾ സ്വാഭാവികമായും രോഗികളുടെ എണ്ണം വർദ്ധിക്കുന്നതാണ് കാണുന്നത്. ഇവരെ ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങളും വർദ്ധിപ്പിക്കേണ്ടതുണ്ട്. അതിൽ കുറവ് വന്നാൽ തിരിച്ചടിയാകും. പലർക്കും ചികിത്സ ലഭിക്കാതെ വരും. ആശുപത്രി വരാന്തയിലും രോഗികൾ നിറയും. മരുന്നിനും വെന്റിലേറ്ററിനും ഓക്‌സിജനും ക്ഷാമം നേരിടും. സർക്കാർ മെഡിക്കൽ കോളേജുകളിലെ പല ഐ.സി.യുകളിലും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും എണ്ണം തുലോം കുറവാണ്. കൂട്ടപ്പരിശോധന കൂടുമ്പോൾ വെട്ടിലാകുന്നത് അവരാണ്. അതുകൊണ്ട് കൂടിയാവാം അവർ ഇതിനെ എതിർക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ താത‌്‌കാലികക്കാരെ നിയമിച്ച് ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവ് നികത്താനും സർക്കാർ നടപടി സ്വീകരിക്കണം. പരസ്പരം വാദങ്ങൾ കൊണ്ട് തോൽപ്പിക്കാനല്ല എല്ലാവരും ഒന്നിച്ചുനിന്ന് മഹാമാരിയെ തോൽപ്പിക്കാനാണ് ഈ ഘട്ടത്തിൽ ശ്രമിക്കേണ്ടത്.