വർക്കല: ലണ്ടനിൽ ഉപരിപഠനത്തിന് പോയ വർക്കല സ്വദേശിയായ വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. വർക്കല ചെമ്മരുതി പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തിന് സമീപം രോഹിണി മംഗലം വീട്ടിൽ അമൽപ്രസാദ് (25)ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിൽ 2ന് ലണ്ടനിലെ നോർവിച്ചിലായിരുന്നു അപകടം. അമൽപ്രസാദ് സുഹൃത്തുക്കളായ കഴക്കൂട്ടം സ്വദേശി നിഷാൽ, കണിയാപുരം സ്വദേശി ആകാശ് എന്നിവർക്കൊപ്പം ഇവർ പഠിച്ചിരുന്ന ലണ്ടനിലെ വിച്ച് ഗേറ്റ് വേ ഗ്രീൻ യൂണിവേഴ്സിറ്റിയിൽ പോയി തിരികെ വരുന്നതിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരെയും ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അമലിന്റെ ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മോഹൻദാസ് എൻജിനിയറിംഗ് കോളേജിൽ ബി.ടെക് പഠനം പൂർത്തിയാക്കിയ ശേഷം ഇക്കഴിഞ്ഞ മാർച്ച് ഒന്നിനാണ് ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയത്. കഴക്കൂട്ടം സ്വദേശിയായ നിഷാലിന്റെ കാറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. അമൽപ്രസാദിന്റെ മൃതദേഹം ഇന്ന് പുലർച്ചെ 3.30ന് തിരുവനന്തപുരം എയർപോർട്ടിൽ എത്തിക്കും. ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്ന് രാവിലെ 8 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. അമലിന്റെ പിതാവ് ജയപ്രസാദ്. മാതാവ് സന്ധ്യാ പ്രസാദ്, സഹോദരൻ അതുൽ പ്രസാദ്.