
പതിനെട്ട് മുതൽ നാല്‌പത്തിനാല് വരെ പ്രായമുള്ളവർക്കുകൂടി കൊവിഡ് പ്രതിരോധ വാക്സിൻ കുത്തിവയ്പ് വ്യാപിപ്പിക്കുന്നതോടെ സംസ്ഥാനത്തിനു നേരിടുന്ന സാമ്പത്തിക ഭാരം വലിയ ചർച്ചയായിരിക്കുകയാണ്. ഇതിനു വേണ്ടി 1100 കോടി രൂപയെങ്കിലും പുതുതായി കണ്ടെത്തേണ്ടിവരും. അല്ലെങ്കിൽത്തന്നെ രൂക്ഷമായ സാമ്പത്തിക ഞെരുക്കം നേരിടുന്ന സംസ്ഥാനത്തിന് ഏതു പുതിയ ചെലവും അധിക ബാദ്ധ്യത തന്നെയാണ്. എല്ലാ വിഭാഗക്കാർക്കും വാക്സിൻ സൗജന്യമായി നൽകണമെന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയം. വാക്സിൻ വിതരണത്തിൽ അനുഭാവപൂർവ സമീപനം കാണിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അതിന്റെ ഫലം അറിയാനിരിക്കുന്നതേയുള്ളൂ. ഫലം എന്തായാലും കേന്ദ്ര തീരുമാനത്തിനു കാക്കാതെ അടിയന്തരമായി വാക്സിൻ വാങ്ങാനുള്ള ശ്രമത്തിലാണ് സർക്കാർ. കുത്തിവയ്പു കേന്ദ്രങ്ങളിൽ ഇപ്പോൾത്തന്നെ വമ്പിച്ച തിക്കും തിരക്കും പരിഗണിക്കുമ്പോൾ സംസ്ഥാനത്തിന് കൈയും കെട്ടിയിരിക്കാനാവില്ല. മേയ് ഒന്ന് മുതൽ 18 നു മുകളിലുള്ളവരും എത്തുന്നതോടെ തിരക്ക് പതിന്മടങ്ങാകും.
എല്ലാ വിഭാഗം ആളുകൾക്കും വാക്സിൻ സൗജന്യമായാണ് നൽകുന്നതെങ്കിലും അതിന്റെ ചെലവ് വഹിക്കാൻ ശേഷിയുള്ളവർക്ക് തുക സംഭാവനയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാവുന്നതാണ്. ആരും ആവശ്യപ്പെടാതെ തന്നെ ഇന്നലെ വരെ നിധിയിലേക്ക് ഒന്നേകാൽ കോടിയോളം രൂപ സംഭാവനയായി എത്തിയ കാര്യം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. അതീവ ദുഷ്കരമായ ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനൊപ്പം നിൽക്കാൻ തയ്യാറുള്ള ലക്ഷക്കണക്കിനാളുകൾ ഇവിടെ മാത്രമല്ല രാജ്യത്തിനു പുറത്തും ഉണ്ടാകും. അതിന്റെ ഏറ്റവും നല്ല സൂചനയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കുത്തിവയ്പ് എടുത്തവരിൽ നിന്ന് ഒഴുകിയെത്തിയ ഒന്നേകാൽ കോടിയോളം രൂപ. അഭ്യർത്ഥനയോ ആഹ്വാനമോ ഒന്നുമില്ലാതെ സുമനസുകൾ സ്വമേധയാ നൽകിയതാണ് ഈ സംഭാവന . ശേഷിയുള്ള എല്ലാവർക്കും അനുകരിക്കാവുന്ന ഒരു പവിത്ര കർമ്മം കൂടിയാണിത്. ദുർഘട വേളയിൽ എല്ലാക്കാലത്തും ജനങ്ങൾ സർക്കാരിനൊപ്പം നിന്ന ചരിത്രമാണുള്ളത്. ഈ പ്രതിസന്ധി ഘട്ടത്തിലും തങ്ങളാൽ കഴിയുന്ന വിധം സർക്കാരിനെ സഹായിക്കാൻ പലർക്കും തികഞ്ഞ സന്തോഷമേ കാണുകയുള്ളൂ. സർക്കാരിൽ നിന്നു തന്നെ അതിനുള്ള നടപടികൾ ഉണ്ടായാൽ കാര്യങ്ങൾ എളുപ്പമായി.
രണ്ടുവർഷം മുമ്പുണ്ടായ പ്രളയകാലത്ത് ഇതുപോലൊരു ദുർഘടാവസ്ഥ സംസ്ഥാനം നേരിടേണ്ടിവന്നിരുന്നു. എവിടെ നിന്നെല്ലാമാണ് അന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം പ്രവഹിച്ചതെന്ന് പലർക്കും ഓർമ്മ കാണും. അന്നത്തെക്കാൾ കൂടുതൽ ക്ളേശകരമായ സാഹചര്യമാണ് ഇപ്പോൾ. വാക്സിനുവേണ്ടി മാത്രമല്ല വിപുലമായ കൊവിഡ് ചികിത്സ ഒരുക്കാനും ഭീമമായ തോതിൽ പണം ആവശ്യമാണ്. ഈ പരീക്ഷണ ഘട്ടത്തിൽ സർക്കാരിനെ സഹായിക്കാൻ മനസും കെല്പുമുള്ള ധാരാളം പേരുണ്ടാകും. വ്യവസായ - വാണിജ്യ - വ്യാപാര രംഗത്തുള്ള പ്രമുഖർ ഏത് നിർണായക ഘട്ടത്തിലും സർക്കാരിനെ സഹായിച്ചിട്ടുള്ളവരാണ്. കൊവിഡ് വാക്സിനേഷനു വേണ്ടിവരുന്ന സാമ്പത്തികച്ചെലവിന്റെ ഒരു ഭാഗം സന്തോഷത്തോടെ വഹിക്കാൻ അവർ തയ്യാറാകുമെന്നതിലും സംശയമില്ല. ഇതിനെക്കാളൊക്കെ മഹത്തരമായി തോന്നുന്നത് വാക്സിന്റെ വില അതു സ്വീകരിക്കുന്നവർ സ്വയം വഹിക്കാൻ സന്നദ്ധരായി മുന്നോട്ടു വരുന്നതാണ്. സാധാരണക്കാരല്ല, സാമ്പത്തിക ശേഷിയുള്ളവരെ ഉദ്ദേശിച്ചാണ് ഇതു പറയുന്നത്. ഒരു തരത്തിലുള്ള നിർബന്ധവും പാടില്ലതാനും. വാക്സിൻ വിലയായിട്ടല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി കരുതിയാൽ മതി.