നെയ്യാറ്റിൻകര: പൊലീസ് ജീപ്പിൽ ലോറി ഇടിച്ച് എ.എസ്.ഐക്കും ഡ്രൈവർക്കും പരിക്ക്. പൊലീസ് ജീപ്പിന്റെ ഇടതുവശം തകർന്നു. മൂന്നുകല്ലിൻമൂട് പെട്രോൾ പമ്പിനു സമീപം ഇന്നലെ പുലർച്ചെ പന്ത്രണ്ടേ മുക്കാലോടുകൂടിയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് സിമന്റ് കയറ്റി വന്ന ലോറിയാണ് പെട്രോൾ പമ്പിന് സമീപത്തെ റോഡിന്റെ മുകൾഭാഗത്ത് പെട്ടെന്ന് ബ്രേക്ക് ഇടുന്നതിനിടെ പൊലീസ് ജീപ്പിന്റെ മുന്നിൽ ഇടിച്ചു നിന്നത്.
ഇടിയുടെ ആഘാതത്തിൽ പൊലീസ് ജീപ്പിന്റെ ഇടതുഭാഗം ഭാഗികമായി തകർന്നു. ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ ഉണ്ണികൃഷ്ണൻനായർക്കും ഡ്രൈവർ ഷിബിനും പരിക്ക് പറ്റി. ഉണ്ണികൃഷ്ണൻനായരുടെ ഇടതുകണ്ണിനാണ് പരിക്ക് പറ്റിയത്. ഇരുവരെയും ഉടൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കണ്ണിന് പരിക്ക് പറ്റിയതിനാൽ പിന്നീട് ഉണ്ണികൃഷ്ണൻനായരെ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറായ ഷിബിൻ ഇപ്പോഴും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിനിടയാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.