kili

കിളിമാനൂർ: വിശാൽ ഉൾപ്പെടെ പതിന്നാല് കുട്ടികൾക്ക് വിരൽത്തുമ്പിൽ ലോകമൊരുക്കി സമഗ്ര ശിക്ഷാകേരളം. കിളിമാനൂർ ബി.ആർ.സി പരിധിയിലെ പതിന്നാല് ഭിന്നശേഷി കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ടാബ്‌ലെറ്റ് വിതരണം ചെയ്തു. കൊവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്ത ഓൺലൈൻ ക്ലാസും ഭിന്നശേഷി കുട്ടികൾക്ക് യൂട്യൂബിലൂടെ നൽകുന്ന വൈറ്റ് ബോർഡ് ക്ലാസുകളും ഇനി സുഗമമായി കുട്ടികൾക്ക് കാണുന്നതിനാണ് ടാബ് വിതരണം ചെയ്തത്.

കുട്ടികൾക്ക് ലഭിച്ച ഇന്റർനെറ്റ് സൗകര്യമുള്ള ടാബ് ലെറ്റിലൂടെ കൂട്ടുകാരെയും അദ്ധ്യാപകരെയും വീഡിയോ കാളിലൂടെ കണ്ട് സംസാരിക്കാനായത് കുട്ടികൾക്ക് നവീന അനുഭവമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ ബുധനാഴ്ചയും തിരഞ്ഞെടുക്കുന്ന ഭിന്നശേഷി കുട്ടികൾക്ക് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിനോടൊപ്പം ഫിസിയോ തെറാപ്പി ആവശ്യമായവർക്ക് തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ബി.ആർ.സി കേന്ദ്രീകരിച്ച് സൗജന്യ തെറാപ്പി സൗകര്യവും നൽകുന്നു. ഇതിനെല്ലാം പുറമേയാണ് ടാബ്‌ലെറ്റുകൾ വിതരണം ചെയ്തത്. ടാബ്‌ലെറ്റുകളുടെ വിതരണോദ്ഘാടനം പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്തംഗം എൻ.സലിൽ വിദ്യാർത്ഥി വിശാലിന് ടാബ് നൽകി നിർവഹിച്ചു. ബി.പി.സി സി. സാബു പരിശീലകരായ വിനോദ് ടി, വൈശാഖ് കെ .എസ്, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ അനീഷ്. എസ് എൽ.രാജിമോൾ, ശോഭ എന്നിവർ പങ്കെടുത്തു.