rf

വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിലെ അയിരൂർ- ഇലകമൺ റോഡിലെ കുഴികളും റോഡിനോട് ചേർന്നുള്ള മേൽ മൂടിയില്ലാത്ത ഓടകളും അപകടം വരുത്തുന്നതായി പരാതി. അയിരൂർ 4 റോഡുകൾ സംഗമിക്കുന്ന അയിരൂർ ഇലകമൺ പഞ്ചായത്ത് ഓഫീസ് വരെയുള്ള റോഡിൽ ടാർ ഇളകി കുഴികൾ രൂപപ്പെട്ടത് ഇരുചക്രവാഹനങ്ങൾ ഉൾപ്പടെയുള്ള യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാണ്. റോഡിന്റെ മിക്ക ഭാഗത്തും വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. അയിരൂർ ജംഗ്ഷൻ കഴിഞ്ഞ് ഇറക്കം ആയതിനാൽ അമിതവേഗതയിലാണ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ സഞ്ചരിക്കുന്നത്. രാത്രികാലങ്ങളിൽ ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നതിലേറെയും. ഇലകമൺ ഭാഗത്തുനിന്നും കയറ്റം കയറി ജംഗ്ഷനിലേക്ക് എത്തുന്ന വാഹനങ്ങൾക്കും കുഴികൾ ഭീഷണിയാണ്. പരിക്കേറ്റവരിൽ മൂന്നുപേർ വൃദ്ധരും മറ്റ് രണ്ട് പേർ കുട്ടികളുമാണ്. അപകടത്തിൽപ്പെട്ട് പരിക്കേറ്റവരിൽ പലരും ഇപ്പോഴും ചികിത്സയിലുമാണ്. റോഡ് വീതി കൂട്ടാനായി വർഷങ്ങൾക്ക് മുൻപ് നടത്തിയ ടാറിടൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയിട്ടുള്ളത്.

 റോഡ് നിർമ്മാണവും അശാസ്ത്രീയം

അശാസ്ത്രീയമായ ടാർ ഇടൽ കാരണം റോഡ് നിരപ്പിനും വ്യത്യാസമുണ്ട്. അയിരൂരിൽ നിന്നും റോഡ് തുടങ്ങുന്ന ഭാഗത്താണ് റോഡിന്റെ നിരപ്പിൽ ഏറെ വ്യത്യാസമുള്ളത്. പലഭാഗത്തും ടാർ ഇളകിയിട്ടുമുണ്ട്. വീതികുറഞ്ഞ റോഡിനോട് ചേർന്ന് മേൽ മൂടിയില്ലാത്ത ഓടകളും അപകടസാധ്യത ഉണ്ടാക്കുന്നുണ്ട്. ഒരുവശത്ത് മൂടിയില്ലാത്ത കാരണം കാൽനട യാത്രക്കാരെല്ലാം മറുവശത്ത് കൂടിയാണ് സഞ്ചരിക്കുന്നത്. ഓടയുടെ ഒരു ഭാഗത്ത് കൂടി പോയാൽ റോഡിലിറങ്ങി നടക്കേണ്ടതായി വരും. ഇതെല്ലാം കാൽനടയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി കൊണ്ടിരിക്കുകയാണ്. അയിരൂർ -ഇലകമൺ റോഡിലെ അക്ഷയ കേന്ദ്രം, കെപ്കോ വില്പനകേന്ദ്രം, റേഷൻ കട എന്നിവയ്ക്ക് സമീപം എല്ലാം തന്നെ മിക്കദിവസങ്ങളിലും അപകടങ്ങൾ ഉണ്ടാകാറുണ്ട്.

 പാഴ്വാക്കായ വാഗ്ദാനം

അടുത്തിടെ പ്രദേശവാസികളായ ഒരു കൂട്ടം യുവാക്കൾ ചേർന്ന്കുഴികളിൽ മണ്ണിട്ട് നിരപ്പാക്കിയെങ്കിലും മഴ സമയത്ത് ഇവയെല്ലാം ഒലിച്ചുപോയി പഴയപടിയായി. നിരവധി തവണ നാട്ടുകാർ വിവിധ സംഘടനകൾ ഗ്രാമപഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും പരാതികൾ നൽകിയെങ്കിലും ഇപ്പോൾ ശരിയാക്കാം എന്ന മറുപടിയാണ് ലഭിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികളായി വന്നവർ റോഡ് ശരിയാക്കി നൽകാമെന്ന വാഗ്ദാനം നൽകിയെങ്കിലും വിജയിച്ച സ്ഥാനാർത്ഥികൾ മെമ്പർ ആയെങ്കിലും പിന്നീട് ഇങ്ങോട്ടേക്ക് തിരിഞ്ഞു പോലും നോക്കിയില്ല എന്നും നാട്ടുകാർ പറയുന്നു.