28ന് വീട്ടുമുറ്റങ്ങളിൽ അര മണിക്കൂർ സത്യഗ്രഹം
തിരുവനന്തപുരം: ജനവിരുദ്ധവും വിവേചനപരവുമായ കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ നയത്തിനെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ പ്രവർത്തകരും അനുഭാവികളും വീട്ടുമുറ്റങ്ങളിൽ 28ന് വൈകിട്ട് 5.30 മുതൽ ആറ് മണി വരെ സത്യഗ്രഹമിരിക്കും. പോസ്റ്ററുകളൊട്ടിച്ചും പ്ലക്കാർഡുകൾ ഉയർത്തിയുമാകും പ്രതിഷേധം.
കൊവിഡ് മഹാമാരിയെയും കോർപ്പറേറ്റുകൾക്ക് കൊള്ളലാഭമുണ്ടാക്കാൻ സഹായകമാക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ ശേഷം എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
മനുഷ്യജീവന് വില നൽകാത്ത സമീപനവും, ജനങ്ങൾക്ക് നേരെയുള്ള കടന്നാക്രമണവുമാണിത്. ജനങ്ങൾക്ക് ആശ്വാസവും സംരക്ഷണവും നൽകാൻ ബാദ്ധ്യതയുള്ള കേന്ദ്രസർക്കാർ അവരെ കൈയൊഴിയുന്നു. ഉത്തരവാദിത്വത്തിൽ നിന്നൊഴിഞ്ഞുമാറി എല്ലാ ഭാരവും സംസ്ഥാനങ്ങളുടെ തലയിലിടുകയാണ്.കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനങ്ങൾക്ക് താങ്ങാനാകാത്ത അധികഭാരമാണ് അടിച്ചേല്പിക്കുന്നത്. ഇതിനെതിരെ തെരുവിലെ ബഹുജനപ്രക്ഷോഭം രോഗവ്യാപനം കൂട്ടുമെന്നതിനാലാണ് വീടുകളിലിരുന്ന് പ്രതിഷേധിക്കുന്നത്.
വാക്സിൻ ചലഞ്ചിൽ
പങ്കാളിയാവുക
ആപത് സന്ധിയിൽ ജനങ്ങൾക്ക് എല്ലാ സഹായവും സംരക്ഷണവും ഉറപ്പാക്കുകയെന്ന വെല്ലുവിളിയാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ള സംസ്ഥാ നസർക്കാർ ഏറ്റെടുത്തത്. കേന്ദ്രം വാക്സിൻ തന്നില്ലെങ്കിലും സ്വന്തം നിലയിൽ വില കൊടുത്തുവാങ്ങി വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങൾക്ക് വലിയ ആശ്വാസമേകുന്നതാണ്. വാക്സിൻ വില കൊടുത്തുവാങ്ങാനുള്ള അധികച്ചെലവ് 1300 കോടിയോളമാണ്. ഈ വെല്ലുവിളിയേറ്റെടുക്കാൻ സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും നൽകുക അഭിമാനബോധമുള്ള മുഴുവൻ മലയാളികളുടെയും ചുമതലയായി സി.പി.എം കാണുന്നു.
വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മലയാളികൾ സംഭാവന അയച്ചുതുടങ്ങിയത് അഭിമാനകരമാണ്. ഈ പ്രതിസന്ധിഘട്ടത്തിൽ പാർട്ടി അംഗങ്ങളും അനുഭാവികളും വർഗബഹുജന സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈയയച്ച് സംഭാവന നൽകണം.. ഇടതുമുന്നണി ഘടകകക്ഷികളും ഇതിനോട് സഹകരിക്കുമെന്നാണ് പ്രതീക്ഷ. ജനങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകണമെങ്കിൽ സംസ്ഥാന സർക്കാർ വില കൊടുത്തു വാങ്ങണമെന്ന് പറഞ്ഞ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ കേരള സർക്കാരിനെയും ജനങ്ങളെയും അവഹേളിക്കുകയാണ്. ഇതിനുള്ള മറുപടി കൂടി വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് ജനം നൽകുമെന്നും വിജയരാഘവൻ പറഞ്ഞു.