കടക്കാവൂർ: കന്നുകാലികൾ തളർച്ച ബാധിച്ച് കിടപ്പിലാകുന്ന രോഗം ആരംഭിച്ചതോടെ ചിറയിൻകീഴിലെ ക്ഷീര കർഷകർ ആശങ്കയിൽ. മേൽ കടയ്ക്കാവൂർ കാട്ടുമഠം വീട്ടിൽ ബാബുവിന്റെ 5 പശുക്കളിൽ ഒന്ന് പ്രസവത്തെതുടർന്ന് തളർന്ന് കിടപ്പിലായിരുന്നു. ഇപ്പോൾ ഈ പശു പൂർണമായും കിടപ്പിലാണ്.
പശുവിന്റെ കാലുകൾ നിലത്ത് ഉരഞ്ഞ് മുറിവുകൾ പറ്റിയ നിലയിലാണ്. മൃഗാശുപത്രിയിൽ അറിയിച്ചതിനെ തുടർന്ന് ഡോക്ടർ എത്തി പരിശോധിച്ച് രക്തസാമ്പിളുകൾ സെൻറർ ലാബിലേക്ക് അയച്ചിരുന്നു. ശേഷം ലഭിച്ച റിസൾട്ടിന്റെ അടിസ്ഥാനത്തിൽ തുടർ ചികിത്സ നൽകിയെങ്കിലും പഴയ നിലയിൽ തന്നെയാണ് പശുവിന്റെ അവസ്ഥ. പ്രസവിച്ച അടുത്ത ദിവസം കുട്ടിയുടെ മുകളിലേക്ക് പശു വീണതിനാൽ കുട്ടിയും ചത്തിരുന്നു. യഥാർഥ രോഗം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മറ്റു പശുക്കളിലേക്ക് രോഗം ബാധിക്കുമോ എന്ന ആശങ്കയിലുമാണ് ബാബു . നല്ല കറവയുള്ള പശുക്കളെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. അമിതമായ ചൂടും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട പദാർത്ഥങ്ങളുടെ അപര്യാപ്തതയുമാണ് പശുക്കളിൽ ഇത്തരത്തിലുള്ള രോഗങ്ങൾ വരാൻ കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം .