k

വർക്കല: കുരയ്ക്കണ്ണി-ഇടവ റോഡിനോടുചേർന്ന് വാട്ടർ അതോറിട്ടിയുടെ ആവശ്യത്തിന് വേണ്ടി നിർമ്മിച്ച കുഴിയാണ് അപകടം ഉണ്ടാകുന്നത്. വർക്കല കുരയ്ക്കണ്ണി തിനവിള ക്ഷേത്രത്തിന് സമീപമാണ് മേൽ മൂടിയില്ലാത്ത കുഴി സ്ഥിതിചെയ്യുന്നത്.
വാട്ടർ അതോറിട്ടിയുടെ വാൽവ് ഓപ്പറേറ്റ് ചെയ്യാനായി നിർമിച്ച കുഴിയുടെ മൂടി യഥാവിധം പുനഃസ്ഥാപിക്കാത്തതാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. കുഴിക്ക് മൂടിയായി രണ്ട് നല്ല കനവും ഭാരവുമുള്ള സ്ലാബുകളാണുള്ളത്. ഒരാളിനെക്കൊണ്ട് ഇവ മാറ്റാൻ പ്രയാസമാണ്. വാൽവ് ഓപ്പറേറ്റർമാർക്ക് ഇടയ്ക്കിടെ സ്ലാബ് മാറ്റുന്നതിലെ ബുദ്ധിമുട്ടുകൊണ്ടാകണം അവ മാറ്റിയിട്ടിരിക്കുന്നത്.

ഇരുചക്രവാഹനയാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ അപകടമുണ്ടാകും. കാൽനടയാത്രക്കാരും അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്.

ഏതാനും ദിവസം മുമ്പ് ഇവിടെ കാറിടിച്ചുകയറി അപകടമുണ്ടായിരുന്നു. അപകടം ക്ഷണിച്ചുവരുത്തുന്ന കുഴി ഒരു മാസത്തോളമായി ഇതേരീതിയിൽ തുടരുകയാണ്. പ്രദേശവാസികൾ പരാതിനൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. കുഴിക്ക് മുകളിൽ സ്ലാബിട്ട് അപകടാവസ്ഥ ഒഴിവാക്കണമെന്ന് മുൻ നഗരസഭാ കൗൺസിലർ സി. കൃഷ്ണകുമാർ ആവശ്യപ്പെട്ടു.

.