nainm

കിളിമാനൂർ: രക്ഷിതാക്കൾ പുറത്തുപോയ സമയത്ത് ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. തട്ടത്തുമല ശാസ്താംപൊയ്ക സജീന മനസിലിൽ നുജുമിനെയാണ് (49) കിളിമാനൂർ പൊലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: യുവതിയുടെ വീട്ടിൽ രക്ഷിതാക്കളില്ലാത്ത ദിവസങ്ങളിൽ പ്രതി എത്തുകയും മൊബൈൽ ഫോൺ കാണിച്ച് യുവതിയെ വീടിന് പുറത്തെ റബർ തോട്ടത്തിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്‌ക്ക് വീടിന് സമീപത്തെത്തിയ പ്രതിയെ യുവതി രക്ഷിതാക്കൾക്ക് കാണിച്ചുകൊടുത്തു. പെൺകുട്ടിയുടെ മാതാവ് കിളിമാനൂർ പൊലീസിൽ പരാതി നൽകുകയും എസ്.സി, എസ്.ടി നിയമ പ്രകാരം കേസെടുക്കുകയുമായിരുന്നു. റൂറൽ എസ്.പി പി.കെ. മധുവിന്റെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി സി.എസ്. ഹരി, എസ്.ഐ ടി.ജെ. ജയേഷ്, മോഹനൻ, അജേഷ്, ഷാജി, ഗ്രേഡ് എ.എസ്.ഐ ഷജിം, എസ്.സി.പി.ഒ ഷംനാദ്, സി.പി.ഒമാരായ സഞ്ജീവ്, സുജിത്ത്, അജേഷ്, ശ്രീരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.