beem

മുടപുരം: ചിറയിൻകീഴ് - മുടപുരം - കോരാണി റോഡിൽ പുതിയതായി നിർമ്മിക്കുന്ന കാട്ടുമുറക്കൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ബീമുകളുടെ കോൺക്രീറ്റ് നടന്നു. ചീഫ് എൻജിനിയർ, സൂപ്രണ്ടിംഗ് എൻജിനിയർ, എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ തുടങ്ങിയവർ നിർമ്മാണപ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചു. പഴയ പാലം പൊളിച്ചാണ് ഇവിടെ പുതിയ പാലം നിർമ്മിക്കുന്നത്. പാലം നിർമ്മാണത്തിനും റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനത്തിനുമായി 20 കോടിയിൽ പരം രൂപയാണ് ചെലവഴിക്കുന്നത്.

ഏറെ ഗതാഗതത്തിരക്കുള്ള ഈ റോഡിൽ പഴയ പാലം പൊളിച്ച് പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏഴ് മാസം മുൻപ് ആരംഭിച്ചെങ്കിലും പണി തീരാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് ജനപ്രതിനിധികളുടെ ശക്തമായ ഇടപെടൽ മൂലം നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും സജീവമായിരിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ പാലം പണി പൂത്തിയാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് പി.ഡബ്ലിയു.ഡി ജീവനക്കാരും ജനപ്രതിനിധികളും.