ആര്യനാട്: ആര്യനാട് പഞ്ചായത്തിൽ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കൂടിയതോടെ കർശന നടപടികളുമായി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും അതത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തമാക്കി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാണ് പഞ്ചായത്ത് ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് വി. വിജുമോഹൻ അറിയിച്ചു.

ആര്യനാട് പഞ്ചായത്തിൽ ഇന്നലെ വരെ 122 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അതുപോലെ 31 പേർ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും ചികിത്സയിലാണ്. സമ്പർക്ക ലിസ്റ്റിൽപ്പെട്ടവരെ വീടുകളിൽ കർശനമായി ക്വാറന്റിൻ നടത്താൻ വാർഡുതല സമിതികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവർക്ക് വീടുകളിൽ ആവശ്യമായ ചികിത്സാ സൗകര്യമൊരുക്കാനും മറ്റ് സൗകര്യങ്ങൾ നൽകുന്നതിനും വാർഡുതല ജാഗ്രതാ സമിതികൾ നേതൃത്വം നൽകും.

പഞ്ചായത്ത് പ്രദേശങ്ങളിലെ വിവിധ ഗവ.ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും കർശനമായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാനും നിർദ്ദേശം നൽകി.രാത്രി 7ന് ശേഷം വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുന്നതിനും തീരുമാനമെടുത്തു. നി‌ർദ്ദേശം പാലിക്കാത്തവർക്കെതിരെ ക‌ർശന നടപടികളിലേയ്ക്ക് പോകേണ്ടി വരുമെന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാപേരേയും ഏകോപിപ്പിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ അറിയിച്ചു.