r

തിരുവനന്തപുരം: സി.പി.എമ്മിലെ ഡോ.വി. ശിവദാസൻ, ജോൺ ബ്രിട്ടാസ്, മുസ്ലിംലീഗിലെ പി.വി. അബ്ദുൾ വഹാബ് എന്നിവർ കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിൽ നിന്നുള്ള മൂന്ന് ഒഴിവുകളിലേക്ക് മൂന്ന് പേർ മാത്രം നാമനിർദ്ദേശപത്രിക സമർപ്പിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ഒഴിവായി. പത്രിക പിൻവലിക്കാനുള്ള സമയപരിധിയായ മൂന്ന് മണി കഴിഞ്ഞതോടെ, മൂവരെയും വിജയികളായി പ്രഖ്യാപിച്ചു. തമിഴ്നാട് സ്വദേശി ഡോ.കെ. പത്മരാജന്റെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളിയിരുന്നു. പത്ത് എം.എൽ.എമാരുടെ പിന്തുണക്കത്തില്ലാത്തതിനാലാണിത്. ഈ മാസം 30നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. കൊവിഡ് സാഹചര്യത്തിൽ വോട്ടെടുപ്പ് ഒഴിവാക്കാൻ മുന്നണികൾക്കിടയിൽ ധാരണയായിരുന്നു. വയലാർ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുൾ വഹാബ് എന്നീ എം.പിമാരുടെ കാലാവധിയാണ് 21ന് അവസാനിച്ചത്.

എസ്.എഫ്.ഐ മുൻ ദേശീയ പ്രസിഡന്റായ വി. ശിവദാസൻ നിലവിൽ സി.പി.എം സംസ്ഥാനകമ്മിറ്റി അംഗവും, കെ.എസ്.ഇ.ബിയിൽ അനൗദ്യോഗിക അംഗവുമാണ്. കൈരളി ടി.വി എം.ഡിയായ ജോൺ ബ്രിട്ടാസ് സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ ഡൽഹി ലേഖകനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മാദ്ധ്യമ ഉപദേഷ്ടാവുമായിരുന്നു. നിലവിൽ രാജ്യസഭാംഗമായിരുന്ന അബ്ദുൾ വഹാബിനെ ലീഗ് വീണ്ടും പരിഗണിച്ചു. വ്യവസായിയും ലീഗിന്റെ ട്രഷററുമാണ് വഹാബ്.