vld-1

വെള്ളറട: മലയോരത്ത് കൊവിഡ് പ്രതിരോധ വാക്സിനായി ജനം അലയുന്നു. വെള്ളറടയിലെ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ വാക്സിനേഷനായി ദിവസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്തവർ ഇന്നലെ വാക്സിൻ എത്തിയതറിഞ്ഞ് പുലർച്ചെ മുതൽ തന്നെ ആശുപത്രിയിലെത്തി മണിക്കൂറുകളോളം കാത്തുനിന്നു. എന്നാൽ ഓൺലൈനായി വ്യാഴാഴ്ച ബുക്ക് ചെയ്തവർക്ക് മാത്രമാണ് വാക്സിൻ നൽകുന്നതെന്നറിഞ്ഞതോടെ നേരത്തേ ബുക്ക് ചെയ്തവർ ബഹളം വച്ചു. ഞങ്ങൾക്ക് എടുത്തതിനുശേഷം മതി ഇന്നലെ ബുക്ക് ചെയ്തവർക്ക് എന്ന നിലപാടിലായിരുന്നു ഇവർ. സ്ഥലത്തുണ്ടായിരുന്ന പൊലീസും ആരോഗ്യ പ്രവർത്തകരും സംസാരിച്ചെങ്കിലും ഇവർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. തുടർന്ന് ഡി.എം.ഒയുമായി ബന്ധപ്പെട്ടശേഷം ആരോഗ്യ പ്രവർത്തകർ നേരത്തേ ബുക്ക് ചെയ്തവർ പുതിയതായി ബുക്ക് ചെയ്താൽ മാത്രമേ മരുന്ന് നൽകാൻ കഴിയുകയുള്ളുവെന്ന് അറിയിച്ചു. ഇന്നലെ വെള്ളറടയിൽ 202 പേർക്കുള്ള ബുക്കിംഗാണ് ഓൺലൈൻ വഴി സ്വീകരിച്ചത്.