നെടുമങ്ങാട്:നാടിനെ വിറപ്പിച്ചുകൊണ്ട് കൊവിഡ് കുതിച്ചു പായുമ്പോൾ പിടിച്ചു കെട്ടാൻ ദ്രുതകർമ്മ സംഘം കച്ചമുറുക്കി വരികയാണ്. അദ്ധ്യാപകർ ഉൾപ്പെടെയുള്ളവരാണ് സംഘത്തിലെ അംഗങ്ങൾ. റാപ്പിഡ് റെസ്‌പോൺസ് ടീമിനെ സഹായിക്കുകയാണ് ദ്രുതകർമ്മ സംഘങ്ങളുടെ ചുമതല. നെടുമങ്ങാട് നഗരസഭയിൽ ഒരു വാർഡിൽ രണ്ടും പേർ എന്ന നിലയിലും ഗ്രാമപഞ്ചായത്ത് വർഡുകളിൽ ഓരോരുത്തരെയുമാണ് ദ്രുതകർമ്മ സേനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഇന്നലെ മാത്രം 148 പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തു. അടിയന്തര സാഹചര്യം പരിഗണിച്ച് നിറുത്തിവച്ചിരുന്ന കൊവിഷീൽഡ് വാക്സിനേഷൻ ഇന്നലെ പുനരാംരംഭിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഉൾപ്പെടെ 150 പേർക്കാണ് ഒരുദിവസം പരമാവധി വാക്സിൻ കുത്തിവയ്ക്കാൻ കഴിയുന്നത്. മേയ് രണ്ടു വരെയുള്ള രജിസ്‌ട്രേഷൻ പൂർത്തിയായി. ഒ.പിയിൽ ടോക്കൺ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ നിർദേശം നൽകിയതായി സൂപ്രണ്ട് ഇൻ-ചാർജ് ഡോ.മുഹമ്മദ് അഷ്‌റഫ് പറഞ്ഞു. ആയിരത്തോളം പേരാണ് ദിവസവും ഒ.പിയിൽ തിക്കിത്തിരക്കുന്നത്. ഇത് രോഗ വ്യാപനത്തിനിടയാക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ജില്ലാ ആശുപത്രിയുടെ കീഴിൽ നഗരസഭയിലും ഇതര തദ്ദേശ സെന്ററുകളിലും കൂടുതൽ വാക്സിനേഷൻ സെന്ററുകൾ തുടങ്ങാനും നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം പുതിയ സെന്ററുകൾ പ്രവർത്തനസജ്ജമാകും. മലയോര മേഖലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകൾ രണ്ടായിരത്തിലധികമാണ്. കൂടുതൽ രോഗികളുള്ള അരുവിക്കര, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തുകളിൽ 144 പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ്‌കുമാർ അറിയിച്ചു. നെടുമങ്ങാട് സ്റ്റേഷൻ പരിധിയിലെ പഴകുറ്റി, മാർക്കറ്റ് ജംഗ്‌ഷൻ, വാളിക്കോട്, പനവൂർ, ആനാട് തുടങ്ങിയ കേന്ദ്രങ്ങളിൽ പൊലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തി. പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ട് 100 പേർക്കെതിരെ കേസെടുത്ത് അഞ്ഞൂറോളം പേരിൽ നിന്ന് പിഴ ഈടാക്കി. ഇന്നും നാളെയും പരിശോധന കർശനമാക്കുമെന്നും അനാവശ്യമായി വീടിന് പുറത്തിറങ്ങുന്നവർക്കെതിരെ ക്രിമിനൽ കേസ് ചുമത്തുമെന്നും നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ വിനോദ്കുമാർ അറിയിച്ചു. നെടുമങ്ങാട് നഗരസഭ കാര്യാലയത്തിലും സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ജില്ലാ ആശുപത്രിയിൽ സന്ദർശകർക്ക് പ്രവേശനമില്ല
ജില്ലാ ആശുപത്രിയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദർശക പാസ് അനുവദിക്കില്ല. കൊവിഡ് വ്യാപനം മുൻ നിറുത്തിയാണ് നടപടി. വാക്സിൻ കുത്തിവയ്പിനും ആർ.ടി.പി.സി.ആർ ടെസ്റ്റിനുമല്ലാതെ സന്ദർശകർ ഒ.പിയിൽ വരേണ്ടതില്ലെന്ന് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. ചികിത്സാ സംബന്ധമായ സംശയങ്ങൾക്ക് ഡോക്ടർമാരെ ഫോണിൽ ബന്ധപ്പെട്ടാൽ മതിയാവും. പേ വാർഡിനു മുകളിലത്തെ നിലയിലാണ് കൊവിഡ് ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചിട്ടുള്ളത്. ഡോക്ടർമാരെയും ജീവനക്കാരെയും നാല് ഷിഫ്റ്റുകളായാണ് നിയോഗിച്ചിട്ടുള്ളത്. ഒരു ജീവനക്കാരനെ നാല് മണിക്കൂറിൽ കൂടുതൽ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാൻ കഴിയില്ലെന്നും കൂടുതൽ നഴ്‌സുമാരുടെ സേവനം ആവശ്യമാണെന്നും ആശുപത്രി അധികൃതർ വെളിപ്പെടുത്തി. വട്ടപ്പാറ മെഡിക്കൽ കോളേജ് സെക്കൻഡ് ലെവൽ ട്രീറ്റ്മെന്റ് സെന്ററിലേക്കും വാളിക്കോട് റിംസ് ആശുപത്രിയിലെ ഫസ്റ്റ് ലെവൽ സെന്ററിലേക്കും ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന സംഘത്തെ ജില്ലാ ആശുപത്രി നിയോഗിച്ചിട്ടുണ്ട്. എൻ.ആർ.എച്ച്.എം മുഖേനെ അധിക ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും പ്രൈമറി, കമ്മ്യൂണിറ്റി സെന്ററുകളിലും ജില്ലാ ആശുപത്രിയിലും നിയമിക്കണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ ആവശ്യം.
ദീർഘദൂര ബസ് സർവീസുകൾ റദ്ദാക്കി
ഇന്നും നാളെയും കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് ദീർഘദൂര സർവീസുകൾ ഉണ്ടായിരിക്കില്ല. സുൽത്താൻബത്തേരി, പാലക്കാട്, തൃശൂർ, അമൃത സൂപ്പർ ഫാസ്റ്റുകളാണ് റദ്ദാക്കിയത്. ബൈ റൂട്ടുകളിൽ 48 സർവീസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 25 സർവീസുകളേ ഉണ്ടാവു. ഇതര ബൈറൂട്ടുകളിൽ യാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ബസ് സർവീസ് നടത്തുകയെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.
ഹെൽത്ത് എൻഫോഴ്‌സ്‌മെന്റ് സേഫ്ടി സ്ക്വാഡും ആർ.ടി.ഓയും നെടുമങ്ങാട് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും യാത്രാബസുകളിലും ഇന്നലെയും പരിശോധന നടത്തി. ബസുകളിൽ യാത്രക്കാർക്ക് ബോധവത്‌കരണ ക്ളാസുകളും സംഘടിപ്പിച്ചു. ഓട്ടോറിക്ഷാ സ്റ്റാൻഡുകളിൽ മാസ്ക്, സാനിറ്റൈസർ പരിശോധന ഊർജിതപ്പെടുത്തി. സ്ക്വാഡ് ഇൻസ്‌പെക്ടർ കിരൺ പരിശോധനയ്ക്ക് മേൽനോട്ടം വഹിച്ചു.
നഗരസഭയിൽ ഹെൽപ്പ്ഡെസ്ക്
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നെടുമങ്ങാട് നഗരസഭയിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി. അടിയന്തര നഗരസഭാ കൗൺസിൽ യോഗം ചേർന്നാണ് നടപടികൾ സ്വീകരിച്ചത്. ഫോൺ: 9207891592, 8921548289, 7025334815, 9745350424.