കിളിമാനൂർ: സ്റ്റുഡിയോ ഉടമ സ്റ്റുഡിയോയിൽ തൂങ്ങി മരിച്ചു. കടവിള വിളക്കകത്ത് വീട്ടിൽ ലൈജു (38) ആണ് മരിച്ചത്. നഗരൂർ കെ.എസ്.ഇ.ബി ഓഫീസിന് സമീപം പവിത്രം എന്ന പേരിൽ സ്റ്റുഡിയോയും ഓൺലൈൻ സേവനങ്ങളും നടത്തി വരികയായിരുന്നു. മരണകാരണം അറിവായിട്ടില്ല. കുറച്ച് മാസങ്ങളായി ദാമ്പത്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ലൈജു അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. വ്യാഴാഴ്ചയും നഗരൂർ പൊലീസ് സ്റ്റേഷനിൽ ലൈജുവിനെയും ഭാര്യയെയും വിളിച്ച് വരുത്തിയിരുന്നു. വെള്ളിയാഴ്ച ഉച്ചവരെ ലൈജു സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. ഉച്ചതിരിഞ്ഞ് സ്റ്റുഡിയോയുടെ ഷട്ടർ പകുതി താഴ്ത്തി ഗ്ലാസ് വാതിൽ അടച്ചതിന് ശേഷം ഫാനിൽ കെട്ടി തൂങ്ങുകയായിരുന്നു. വൈകിട്ടോടെയാണ് സംഭവം പുറത്ത് അറിയുന്നത്. നഗരൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: പി. ആതിര. മക്കൾ: ശിവകാർത്തിക്, കാശിനാഥ്.