തിരുവനന്തപുരം: വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. പേരൂർക്കട കളക്ട്രേറ്റിന് സമീപം ജയപ്രകാശ് ലെയിനിൽ താമസിക്കുന്ന അക്ഷയ് കുമാർ, മിഥുൻ രാജ് എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ച അടുപ്പുകൂട്ടാൻ പാറ സ്വദേശി ശ്രീജിത്ത് ഉണ്ണി പൊലീസ് എത്തുന്നതിന് മുൻപ് രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അക്ഷയ് കുമാർ, മിഥുൻ രാജ് എന്നിവരുമായി ശ്രീജിത്ത് ഉണ്ണിക്ക് മുൻപ് പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇരുവരെയും ഇയാൾ അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്ഥിരം കേസുകളിൽ പ്രതിയായ ശ്രീജിത്ത് ഉണ്ണിക്ക് കാപ്പ നിയമപ്രകാരം നാല് മാസത്തേക്ക് നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് ഇയാൾ പേരൂർക്കടയിലെത്തിയതും യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചതും. പരിക്കേറ്റ അക്ഷയ് കുമാറും മിഥുനും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. പേരൂർക്കട പൊലീസ് സംഭവത്തിൽ കേസെടുത്തു. ഉടൻതന്നെ പ്രതി പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.