പാറശാല: ചെങ്കൽ,​ കൊല്ലയിൽ പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ ചെങ്കൽ പഞ്ചായത്തിൽ 21 പേർക്ക് പുതുതായി രോഗം പിടിപെട്ടു. 102 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പാറശാല പഞ്ചായത്തിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 3 പേർ ഉൾപ്പെടെ ആകെ 96 പേർ ചികിത്സയിലുണ്ട്. പാറശാല ഗ്രാമത്തിൽ മാത്രം അഞ്ച് വീടുകളിലായി 12 പേർക്ക് രോഗം പിടിപെട്ടു. കഴിഞ്ഞ ദിവസങ്ങളിലായി പാറശാല, ചെങ്കൽ പഞ്ചായത്തുകളിൽ കൊവിഡ് പിടിപെട്ട് ഒരാൾ വീതം മരിച്ചു. കൊല്ലയിൽ പഞ്ചായത്തിൽ ഇന്നലെ പുതുതായി രോഗം പിടിപെട്ട 13 പേർ ഉൾപ്പെടെ 99 പേർ ചികിത്സയിലുണ്ട്. കാരോട് പഞ്ചായത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 12 പേരുൾപ്പെടെ 73 പേരും, കുളത്തൂർ പഞ്ചായത്തിൽ 15 പേരും നിലവിൽ ചികിത്സയിലുണ്ട്. ഇന്നലെ പാറശാല ഗവ. താലൂക്ക് ആശുപത്രിക്ക് ലഭിച്ച 600 ഡോസ് വാക്സിൽ ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്ത 300 പേർക്ക് കൂടി വിതരണം ചെയ്യുന്നതോടെ തീരും. പാറശാല താലൂക്ക് ആശുപത്രിയിൽ രജിസ്റ്റർ ചെയ്തവർക്ക് ദൂരെയുള്ള മറ്റ് കേന്ദ്രങ്ങളിൽ എത്തി വാക്സിൻ സ്വീകരിക്കാൻ നിർദ്ദേശിക്കുന്നതിനെതിരെ നാട്ടുകാരിൽ വ്യാപക പരാതിയുണ്ട്. എന്നാൽ പാറശാലയിലുള്ളവർക്ക് പാറശാല താലൂക്ക് ആശുപത്രിക്ക് പുറമെ പൊഴിയൂർ പി.എച്ച്.സി, പൂവാർ പി.എച്ച്.സി എന്നിവിടങ്ങളിൽ നിന്നും സൗജന്യ വാക്സിൻ എടുക്കാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പരശുവയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ വിതരണം ഇന്നലെയും നടന്നില്ല.