തിരുവനന്തപുരം: ഒരു മാസം മുമ്പ് കേരള തീരത്ത് നിന്നും മയക്കുമരുന്നും ആയുധവും പിടിച്ചെടുത്ത കേസിലെ പ്രതികളിരൊളാളെ ചൂടുവച്ച് പൊള്ളലേല്പിച്ച് പീഡിപ്പിച്ചെന്ന് മൊഴി. ഇന്നലെ പ്രതികളിരൊളാളെ അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതി മൊഴി നൽകിയത്. ശ്രീലങ്കൻ സ്വദേശിയായ ഒന്നാം പ്രതി എൽ. നന്ദനയാണ് അഡീഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകിയത്. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു വിചാരണ. ഷർട്ട് ധരിക്കാതെ ടൗവൽ മാത്രം ധരിച്ചെത്തിയ പ്രതിയോട് കാര്യം തിരക്കിയപ്പോഴാണ് മുതുകിലെ വലിയ പൊള്ളലിന്റെ പാട് പ്രതി ചൂണ്ടിക്കാട്ടിയത്. പിടികൂടിയപ്പോൾ കോസ്റ്റ്ഗാർഡ് ഇരുമ്പ് പഴുപ്പിച്ച് മുതുകിൽ വച്ചതാണെന്നാണ് നന്ദന മൊഴി നൽകിയത്. എന്നാൽ പിടികൂടുന്ന സമയത്ത് പൊള്ളലേറ്രെന്നാണ് കോസ്റ്റ്ഗാർഡിന്റെ വിശദീകരണം.
ഒരു മാസം മുമ്പാണ് വൻമയക്കുമരുന്ന് ശേഖരവും എ.കെ 47 തോക്കുളുമായി കേരളതീരത്തെത്തിയ മൂന്ന് ശ്രീലങ്കൻ മത്സ്യബന്ധനബോട്ടുകളെയും ജീവനക്കാരെയും തീരസംരക്ഷണസേന കസ്റ്റഡിയിലെടുത്തത്. പൊള്ളലേറ്റ പ്രതിയെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കാൻ കോടതി നിർദ്ദേശിച്ചു.