varavisesham

തൃശൂർ പൂരം കഴിഞ്ഞിരിക്കുന്നു. ഇനിയങ്ങോട്ട് എണ്ണി നോക്കിയപ്പോൾ കഷ്ടിമുഷ്ടി ഒരാഴ്ചയങ്ങോട്ട് കടന്നാൽ വേറെ ചില്ലറ പൂരങ്ങൾ വേറെ സംഭവിക്കാനിരിക്കുന്നുവെന്നാണ് കാണുന്നത്. നമ്മുടെ ഗണിത ജ്യോതിഷ ചക്രവർത്തിമാർ ചില ജാതകങ്ങൾ ഗണിച്ച് നോക്കി. അടുത്ത രവിവാരത്തിലാണ് സംഗതിയുടെ കിടപ്പ് ദർശിക്കുന്നത്. അന്ന് വോട്ടുകളൊക്കെ എണ്ണുന്നുണ്ടത്രേ. കുറേ നാളായി പെട്ടിയിൽ കിടന്ന് വീർപ്പുമുട്ടുകയാണ് ആ വോട്ടുകളെന്നാണ് പറയപ്പെടുന്നത്. പെട്ടിയിൽ കിടന്ന് വോട്ട് വീർപ്പുമുട്ടിക്കഴിയുന്നതിനാൽ ചില്ലറ ദോഷങ്ങളൊക്കെ ചില ജാതകങ്ങളിൽ അവിടവിടെയായി സംഭവിക്കാനിടയുണ്ടെന്ന് ഗണിതജ്യോതിഷ ചക്രവർത്തിമാർ കവടിനിരത്തി നോക്കിയപ്പോൾ കാണുകയുണ്ടായി.

ചെറിയ ചില പരിഹാരക്രിയകൾ അടുത്ത രവിവാരത്തിന് മുമ്പ് നടത്തിയെടുത്താൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ എന്നാണ് അവർ സമാധാനിപ്പിക്കുന്നത്. കൊറോണയുടെ അപഹാരം മാത്രമേ തീരാതെ നിൽക്കാനിടയുള്ളൂ. ബാക്കിയൊക്കെ ചിലപ്പോൾ അകന്ന് പോയേക്കാനിടയുണ്ട്. ചില ദോഷങ്ങൾ അങ്ങനെ തന്നെ തുടരുകയാണെങ്കിൽ, അത് വിധിയെന്ന് സമാധാനിക്കുക. ചെറിയ ആശ്വാസമപ്പോൾ കിട്ടിയേക്കാം.

ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് അടുത്ത ആറ് ദിവസങ്ങളിലായി നിർമ്മാല്യദർശനവും തുടർഭരണ പൂജയും അതിൽ തന്നെ കിറ്റാദി, പെൻഷനാദി മന്ത്രങ്ങളും ഉരുക്കഴിക്കണമെന്നാണ് പിണറായി സഖാവിന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പരിഹാരച്ചാർട്ട്. വ്യാഴം എങ്ങും തൊടാതെയാണിപ്പോൾ നില്പ്. ശുക്രൻ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിലും. ചിലപ്പോൾ ഇവർ രണ്ടുപേരും സഖാവിനെ കണ്ടാൽ കവാത്ത് മറന്ന് ഒപ്പം ചേർന്നേക്കാമെന്നും അങ്ങനെയെങ്കിൽ തുടർഭരണം ഉറപ്പായേക്കുമെന്നുമാണ് പ്രശ്നവശാൽ തെളിയുന്നത്. ശനി ഒളിച്ചിരുന്ന് നോക്കുന്നതായി കാണുന്നുണ്ട്. അവനെന്ത് കൈക്രിയയാകും ചെയ്യുകയെന്ന് ഉറപ്പില്ലാത്ത സ്ഥിതിക്ക്,​ ഈ തുടർഭരണമൊന്നുറപ്പിക്കാനാണ് പൂജയ്ക്ക് നിർദ്ദേശം. വിജയരാഘവൻ സഖാവിനെക്കൊണ്ടൊരു ശയനപ്രദക്ഷിണം ചെയ്യിക്കാവുന്നതാണ്. ധൈര്യത്തിന് ബേബിസഖാവിനെ കൂടെ കൂട്ടാം. അമ്പലപ്പുഴ പാൽപ്പായസം അർച്ചനയായി കഴിക്കുന്നത് കുറേക്കൂടി നന്നായിരിക്കുമെന്നും കവിമന്ത്രി ജി.സു.സഖാവിന്റെ പേരിൽ അവിടെ ഒരു ചുറ്റുവിളക്ക് വഴിപാടോ നാരങ്ങാവിളക്ക് വഴിപാടോ ഉചിതമായിരിക്കുമെന്നും നിർദ്ദേശമുണ്ട്. മറിച്ചായാൽ,​ ധനനഷ്ടം, മാനഹാനി, നോർത്ത്ബ്ലോക്കിലെ മൂന്നാം നിലയിൽ നിന്ന് ഉരുണ്ടുരുണ്ട് താഴേക്ക് പതിക്കൽ എന്നീ ദോഷങ്ങളാണ് കാണുന്നത്. അല്ലായെങ്കിൽ പിന്നീടങ്ങോട്ട് വച്ചടിവച്ചടി കയറ്റമാകും.

ചെന്നിത്തല ഗാന്ധി രമേശ്ജിക്ക് മൃത്യുഞ്ജയ ഹോമവും ഉദ്ദിഷ്ടകാര്യ സിദ്ധിപൂജയും നിർബന്ധമായും വേണമെന്നാണ് വിധി. ഓ.സീ,​ വേണുഗോപാല നിരാകരണ മന്ത്രങ്ങൾ ബ്രാഹ്മമുഹൂർത്തത്തിൽ ഉരുക്കഴിക്കുന്നത് അത്യുത്തമമായിരിക്കും. വേണമെങ്കിൽ ചോമ്പാൽഗാന്ധി മുല്ലപ്പള്ളിജിയെ കൂടി പ്രാർത്ഥനാവേളയിൽ ഒപ്പമിരുത്താവുന്നതാണ്. ശനിയുടെ അപഹാരത്തിനുള്ള സാദ്ധ്യത കാണാതില്ല. എന്നാൽ ശുക്രൻ നേരത്തേ പറഞ്ഞതുപോലെ ഞാനൊന്നുമറിഞ്ഞീലേ രാമനാരായണാ മട്ടിൽ നില്ക്കുകയുമാണ്. ദോഷങ്ങൾ പലതാണ് കാണുന്നത്. ദോഷമാണെങ്കിൽ, ധനനഷ്ടവും മാനഹാനിയും ഉറപ്പാണ്. ഹൈക്കമാൻഡ് ദീനം,​ നോർത്ത്ബ്ലോക്ക് അന്യം നിൽക്കൽ എന്നിത്യാദി വേറെ. ഇനിയുള്ള അഞ്ചാറ് ദിവസങ്ങളിൽ ബ്രാഹ്മമുഹൂർത്തത്തിലെഴുന്നേറ്റ് പൂജാകാര്യങ്ങളിലേർപ്പെട്ടിട്ടില്ലെങ്കിൽ ശനിയുടെ അപഹാരം ഗുരുതരമായിരിക്കുമെന്നാണ് പറയുന്നത്. സംഗതി ഇന്റേണലായും എക്സ്റ്റേണലായും വരുമത്രെ. അതിനാലാണ് ഓ.സി,​ വേണുഗോപാല നിരാകരണമന്ത്രങ്ങൾ നിർബന്ധപൂർവ്വം ചാർട്ട് ചെയ്തിരിക്കുന്നത്.

താമരപ്പൂവിതളിൽ തീർത്ഥം തളിച്ച്,​ ഓം മഞ്ചേശ്വരായ നമ:, ഓം നേമമായ നമ: എന്നിങ്ങനെ അടുത്ത ആറ് ദിവസങ്ങളിലായി ബ്രാഹ്മമുഹൂർത്തത്തിലും സന്ധ്യാനേരത്തും ജപിക്കുന്നത് കേസുരേന്ദ്രൻജിക്ക് അത്യുത്തമമായിരിക്കുമെന്നാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പിണറായി സഖാവ് പറഞ്ഞിട്ടുള്ളതിനാൽ, ഒരു ശത്രുസംഹാരപൂജയും നന്നായിരിക്കും. ഇല്ലായെങ്കിൽ അത്യന്തം ഗുരുതരമാകും കാര്യങ്ങളെന്നാണ് പ്രശ്നവശാലുള്ള ദർശനം. സ്ഥാനചലനമുറപ്പ്. മിസോറാമിൽ ഒഴിവില്ലാത്തതിനാൽ മേഘാലയയിലേക്കോ മണിപ്പൂരിലേക്കോ നാട് കടത്തപ്പെട്ടേക്കാമെന്നാണ് കാണുന്നത്. ലോകസഭാതിരഞ്ഞെടുപ്പ് തീർന്നപ്പോൾ മിസോറാമിലേക്ക് സുവർണാവസരം ജി ശ്രീധരൻപിള്ളാജിയെ നാടുകടത്തിയതിനാലാണ് അവിടേക്ക് ഒഴിവില്ലാത്തത്. പിള്ളാജിക്ക് ഇപ്പോൾ ബഹുകുശാലാണെങ്കിലും സുരേന്ദ്രൻജിക്ക് അതങ്ങനെയാകണമെന്നില്ലല്ലോ.

പാലക്കാട്ട് എമ്മെല്ലേയോഫീസ് തുറന്ന മെട്രോമാൻ ശ്രീധരൻജിയുടെ ജാതകത്തിൽ പ്രത്യേകിച്ചൊന്നും തെളിഞ്ഞ് കാണുന്നില്ലെന്നാണ് ഗണിത ജ്യോതിഷ ചക്രവർത്തിമാരുടെ തീർപ്പ്. ശ്രീധരൻജിക്ക് പറ്റുമെങ്കിൽ സുരേന്ദ്രൻജീ-മുരളീധർജീ-ന.മോ.ജീ മന്ത്രങ്ങൾ ഉരുവിട്ട് ഒരു രക്തപുഷ്പാഞ്ജലി നേരാവുന്നതാണ്.

വഴിപാട് നേർച്ചകൾ പാലിച്ചില്ലെങ്കിൽ ദൈവകോപമുണ്ടാകുമോ എന്നൊന്നും ആരും ചോദിക്കരുത്. ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന തത്വത്തിൽ ആശ്വസിച്ചാൽ എല്ലാമൊരു ടൈം പാസ് അല്ലേയെന്ന് നിനച്ച് നമുക്കതൊക്കെ തള്ളിക്കളയാനാവും.

......................................

- ദേശീയപാർട്ടിയുടെ ഏതോ ചില്ലറ കോടികൾ തൃശൂരിലോ പാലക്കാട്ടോ മറ്റോ ആരോ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് സിൻഡിക്കേറ്റുകൾ എങ്ങും തൊടാതെ പറയുന്നുണ്ട്. തൂണിലും തുരുമ്പിലും മൂവായിരം കോടിയുടെ പ്രതിമയിലും ദേശീയപാർട്ടി ഒളിഞ്ഞുകിടപ്പുണ്ടെന്ന് പറയുന്നു. അതിന് താമരയുടെ ഷേപ്പ് ഉണ്ടെന്ന് ചില കിംവദന്തികളുമുണ്ട്. സിൻഡിക്കേറ്റുകളാരും ആന്തരിക രഹസ്യം പുറത്തുവിടാത്തതിനാൽ ഈ കേൾക്കുന്നതെല്ലാം അന്ധൻ ആനയെ കണ്ട കഥ പോലെ കേട്ടിരിക്കുകയാണ് കരണീയം.

അല്ലെങ്കിലും ദേശീയപാർട്ടി ആൾ ചില്ലറക്കാരനാകില്ല. കോടികളിലൂടെയാണ് സഞ്ചാരം. കുറ്റം പറയാനെളുപ്പമാണ്. കോടികളില്ലെങ്കിൽ എന്താകുമായിരുന്നു സ്ഥിതി! പുതുച്ചേരിയിലെ മുപ്പത് കൈപ്പത്തിക്കാരെ രായ്ക്കുരാമാനം താമരകളാക്കാൻ നടത്തിയ അദ്ധ്വാനം ചെറുതാണോ! പടിഞ്ഞാറൻ ബംഗാളിലെ അദ്ധ്വാനത്തിന് ഒരു വിലയുമില്ലേ, രാമകൃഷ്ണാ!

രാജ്യത്ത് ഓക്സിജൻ കിട്ടുന്നില്ലെങ്കിൽ മൂവായിരം കോടിയുടെ പ്രതിമയുടെ കീഴിൽ പോയി നിന്നോളൂ, നല്ല ഒന്നാന്തരം ഓക്സിജൻ തരമായിക്കോളും എന്ന് പറയാൻ ധൈര്യമുള്ള പാർട്ടിയാണിത്. പറയാത്തത്, പാർട്ടിയുടെ ഔദാര്യവും നിങ്ങളുടെ ഭാഗ്യവും എന്ന് കൂട്ടിക്കോളൂ! ഗോമാതാവിൽ നിന്ന് ഓക്സിജൻ കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. ഗോമാതാവിനടുത്ത് ചെന്ന് ഓക്സിജൻ തരുമോയെന്ന് ആരും ചോദിക്കാത്തത് ആ ചോദിക്കാത്തവരുടെ കുറ്റം. അല്ല, പിന്നെ!

..........................

- രാജ്യമാകെ കരുതലോടെയിരിക്കണമെന്നാണ് ന.മോ.ജി പറഞ്ഞിരിക്കുന്നത്. പാട്ടകൊട്ടാനും മെഴുകുതിരി കത്തിക്കാനും തത്‌കാലം പറയുന്നില്ല. എന്നുവച്ച് തീരേ പറയില്ലാ എന്ന് കരുതരുത്. കരുതിയിരുന്നോളൂ!

ഇ-മെയിൽ: dronar.keralakaumudi@gmail.com